Wednesday, 15 August 2018

മാംസാഹാരം ഹൈന്ദവമാണ്.


ഇന്ന് പരക്കെ ചർച്ച ചെയ്തു വരുന്ന ഒരു വിഷയമാണ് മാംസാഹാരവും മൃഗബലിയും, അതിന്റെ ഹൈന്ദവമായ ബന്ധവും. ഹിന്ദുക്കൾ അനാദി കാലം മുതൽക്കേ സസ്യാഹാരികളായിരുന്നു, അല്ല ഇടയിൽ മാംസമുപേക്ഷിച്ചതാണ്, മനുഷ്യശരീരം മാംസാഹാരം ദഹിപ്പിക്കാൻ തക്ക വിധത്തിലല്ല രൂപപ്പെട്ടിരിക്കുന്നത് എന്നൊക്കെയുള്ള വാദങ്ങൾ എന്നിവ നിത്യ ചർച്ചയിൽ വന്നു കൊണ്ടേയിരിക്കുന്നു.
ഏതായാലും ഒന്നു പറയാം, ഭക്ഷണ രീതിയും അതിന്റെ ദഹന പ്രക്രിയയും ജീനുകളുമായി ബന്ധപ്പെട്ടാണിരിക്കുന്നതു. ആയുർവേദം ഭക്ഷണക്രമ  മാറ്റത്തെ അംഗീകരിക്കുന്നില്ല. കുടുംബത്തിന്റെ രീതി നിർത്താതെ തുടരാൻ ഉപദേശിക്കുന്നു.
മനുഷ്യരാശിയുടെ ആദികാലം മുതൽ നോക്കിയാൽ അവൻ മാംസ ബുക്കാണ്. ഇന്നും ഉത്തരദ്രുവത്തിലും തണുപ്പ് പ്രദേശങ്ങളിലും മനുഷ്യർ മാംസത്തെ ആശ്രയിക്കുന്നു. മാനവ ചരിത്രം നോക്കിയാൽ അവൻ കേവലം സസ്യബുക്കാണെന്നു സമർത്ഥിക്കാൻ വേണ്ട തെളിവുകൾ കുറവാണു. സസ്യബുക്കിന്റെ ശരീരഘടനയല്ല മനുഷ്യനുള്ളത്. പല്ലുകളും ചെറുകുടലിന്റെ ചെറുപ്പവും അതാണ് കാട്ടിത്തരുന്നത്.
ഭാരതത്തിൽ മാംസഭക്ഷണം നിന്ദ്യമായതു ബുദ്ധന്റെ ആവിർഭാവത്തോടുകൂടിയാണെന്നു കരുതാം. ബുദ്ധന്റെ കാലത്തു അഹിംസാ പരമോ ധർമ്മാ എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു ജീവിതരീതി പ്രചരിപ്പിക്കുകയും പ്രാബല്യത്തിൽ കൊണ്ട് വരികയും ചെയ്തു. ഇത് നല്ല വിധത്തിൽ പ്രചാരത്തിൽ വരികയും ബുദ്ധമതത്തിന്നു സമൂഹത്തിൽ ശക്തി നേടാൻ കഴിഞ്ഞതോടെ, അതിനെ നേരിടാൻ വൈദിക സമൂഹം (പ്രത്യേകിച്ച് ബ്രാഹ്മണന്മാർ എന്ന് അറിയപ്പെടുന്നവർ ) അഹിംസാ രീതി കൈക്കൊള്ളുകയും അതിന്റെ പാത പിന്തുടർന്നു ബുദ്ധമതത്തെ നേരിടാൻ നിർബന്ധിതരായിത്തീരുകയും ചെയ്തു.

നമുക്ക് കാണാം വേദങ്ങളോ, ഉപനിഷത്തുക്കളോ, സ്മ്രിതികളോ, പുരാണങ്ങളോ മാംസഭക്ഷണത്തിന്നെതിരെ ഒന്നും പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല, അവിടെയിവിടെ മാംസഭക്ഷണം കഴിക്കുന്നതിനെ കുറിച്ച് പ്രദിപാദിച്ചിട്ടുണ്ട് താനും.

ഇന്നത്തെ അഭിനവ ആചാര്യന്മാർ വലിയവരാണെന്നും, തങ്ങളാണ് ഹിന്ദു മതത്തിന്റെ സംരക്ഷകർ എന്നും സ്വയം മേനി നടിക്കുന്നു. മനുവിനെയും വ്യാസനെയും എതിർക്കുന്നു, മാംസാഹാരം വരുമ്പോൾ !  മനുവിനും വ്യാസനും തെറ്റ് പറ്റിയിട്ടുണ്ട്, ഞാൻ പറയുന്നതാണ് ശാസ്ത്രം എന്ന ഭാവമാണ് അഭിനവ ആചാര്യന്മാരുടെ ഭാവം.

ഒരു കഥ പറയാം. ഒരിക്കൽ കാളിദാസൻ ഭാഗവതം വായിക്കാൻ തുടങ്ങി. വായിക്കാൻ തുടങ്ങിയപ്പോൾ  അദ്ധേഹത്തിന്റെ ശ്രദ്ധയിൽ ഭാഗവതത്തിൽ ഒരു വ്യാകരണ പിശക് ശ്രദ്ധയിൽ പെട്ടു. അത് തിരുത്താനായി അദ്ദേഹം ശ്രമിച്ചപ്പോൾ ഒരശരീരി ഉണ്ടായി. "വ്യാസോ നാവായി ", എന്ന്. അതായത് വ്യാസൻ ഒൻപതു തരം വ്യാകരണം പഠിച്ചയാളാണെന്നു. ഉടൻ കാളിദാസൻ നെഞ്ചത്ത് കൈവെച്ചു പറഞ്ഞു "അഹം പഞ്ചാ ",ഞാൻ അഞ്ചേ പഠിച്ചുള്ളൂ എന്ന്. അതുകൊണ്ട് വ്യാസന്റെ വ്യാകരണപ്പിശക് തിരുത്താതെ കാളിദാസൻ വിട്ടു എന്നാണ് കഥ. നവര്തനങ്ങളിൽ ഒരാളായ, കവികുല ഗുരുവായ കാളിദാസന്റെ ലാളിത്യമാണ് നാം കണ്ടത്. കാളിദാസന് ഉള്ള വിനയം ഇന്നത്തെ ആചാര്യന്മാർ ഓർക്കുന്നത് നന്ന്. മനുവിന് തെറ്റുപറ്റി, വ്യാസന് തെറ്റുപറ്റി, വാല്മീകിക്ക് തെറ്റുപറ്റി എന്നൊക്കെ പറയുന്നത് ധാര്ഷ്യമല്ലാതെന്താണ്?
നമ്മുടെ ആചാര്യ പരമ്പരയെ നിന്ദിക്കുന്ന ഈ വഞ്ചനാപരമായ നവ ആചാര്യന്മാരെ നാം കാണേണ്ടതുണ്ട്.
മനുസ്മൃതിയിൽ ധാരാളം പരാമർശങ്ങൾ മാംസത്തെക്കുറിച് കാണാം. മാംസാഹാരത്തെക്കുറിച്ചു പ്രദിപാദിക്കുന്നുണ്ട്. അതിന്നു വിധി വിളക്കുകൾ ഉണ്ട്. ബ്രാഹ്മണന്മാർ കഴിക്കേണ്ടതും കഴിക്കാൻ പാടില്ലാത്തതുമായ മാംസങ്ങളെക്കുറിച്ചു പറയുന്നു. മനു ശ്രാർദ്ധ കര്മത്തിനുള്ള മാംസത്തെ കുറിച്ചും പ്രതിപാദിക്കുന്നു.
അഭിജ്ഞാനശാകുന്തളത്തിൽ ഒരിടത്തു ശകുന്തളയുടെ മോതിരം നഷ്ടപ്പെടുന്ന കഥയിൽ, പിടിച്ച മീനിന്റെ വയറ്റിൽ നിന്ന് കിട്ടിയ മോതിരം കാണിച്ച മുക്കുവനെ  പോലീസുകാർ പിടിച്ചു മുക്കുവന്റെ തൊഴിലിനെ നിന്ദിച്ചപ്പോൾ മുക്കുവൻ പറയുന്നുണ്ട്  "സഹജം കിലയത്‌ വിനിന്ദിതം, ന ഖലു ധർമ വിവർജനീയം, പശുമാരാണ karmas
ദാരുണാപ്യാമ്പ മൃദുരേവ സൊത്രിയാ ", അതായതു നമുക്ക് സഹജമായ ഒരു തൊഴിലുണ്ടെങ്കിൽ ആ തൊഴിലിനെ ഒരിക്കലും നിന്ദിക്കാൻ പാടില്ല. അതായതു കുലത്തൊഴിൽ നിന്ദിക്കാൻ പാടില്ല എന്ന് അർത്ഥം. അത് വർജ്ജിക്കാനും പാടില്ല. എങ്ങനെയെന്നാൽ ബ്രാഹ്മണന്മാർ മൃദു മനസന്മാരാണെങ്കിലും യാഗത്തിനും ശ്രാർദ്ധത്തിനും മൃഗങ്ങളെ കൊല്ലുന്ന മാരണ കർമ്മങ്ങൾ ചെയ്യുന്നവരാണ് എന്ന് പറയുന്നു.

ഭാസൻ എഴുതിയ പ്രതിമ എന്ന നാടകത്തിൽ സീതയെ അപഹരിക്കാൻ വന്ന രാവണൻ ശ്രീരാമാനുള്ളപ്പോളാണ് വന്നത് (കഥ എഴുത്തുകാരന്റെ അവകാശമാണ് ).പ്രതിമയിൽ ശ്രീരാമാനുള്ളപ്പോൾ വരികയും രാമൻ മഹർഷി രൂപത്തിൽ വന്ന  രാവണനെ സ്വീകരിക്കുകയും ചെയ്യുന്നു. ഇവിടെ രാമൻ മഹർഷിയോട് അങ്ങെവിടുന്നു വരുന്നു, താങ്കൾ എന്തൊക്കെ പഠിച്ചിട്ടുണ്ട് എന്നൊക്കെ ചോദിക്കുന്നു. രാവണൻ പറയുന്നു ഞാൻ ഒട്ടുമിക്ക ശാസ്ത്രങ്ങളും പഠിച്ചിട്ടുണ്ട്, പാരമേശ്വമായ യോഗശാസ്ത്രവും പ്രചേതമായ ശ്രാർദ്ധം പഠിച്ചിട്ടുണ്ട് എന്നൊക്കെ പറഞ്ഞു. ഉടനെ രാമൻ തനിക്കു ശ്രാർദ്ധ വിധിയെക്കുറിച്ചറിയാൻ താത്പര്യമുണ്ട് എന്ന് പറയുന്നു. ഉടനെ രാവണൻ ചോദിക്കുന്നു, നിങ്ങളെന്താണ് യോഗശാസ്ത്രമെല്ലാമുള്ളപ്പോൾ ശ്രാർദ്ധത്തെ കുറിച്ച് താത്പര്യപ്പെടുന്നു എന്ന്. രാമന്റെ മറുപടി, നാളെ എന്റെ അച്ഛന്റെ ശ്രാർദ്ധമാണ്, ആ കർമം ചെയ്യാനാണ് എന്ന്. രാവണൻ ശ്രാർദ്ധ ക്രിയയെക്കുറിച്ചു വർണിക്കാൻ തുടങ്ങി. ധാരാളം മാംസം ആവശ്യമാണ് എന്ന് പറയുന്നു. ചാകമാംസം വിശേഷമാണ് എന്നും. പ്രജേദസ്സ് മഹർഷിയുടെ ശ്രാർദ്ധകല്പം ഉദ്ധരിക്കുന്നു. ഇതിലും നല്ലത് ഹിമാലയത്തിൽ മാത്രം കാണുന്ന സ്വർണ നിറമുള്ള പൊന്മാൻ ആണ് ഷ്ടഷ്ടം എന്ന് പറയുന്നു. അതിന്റെ മാംസം കൊണ്ട് ശ്രാർദ്ധ കഴിച്ചാൽ പ്രിതൃക്കൾക്കു വിശേഷ ശാന്തി കിട്ടുമെന്ന് പറയുന്നു. പൊന്മാൻ എവിടെ കിട്ടും എന്നായി രാമൻ. അപ്പോഴാണ് മാരീചൻ പൊന്മാനായി അവിടെ എത്തുന്നത്. "എന്റെ ആഗ്രഹം പോലെ പൊന്മാൻ എത്തിയല്ലോ ",രാമൻ. ഉടനെ ഓടുന്ന പൊന്മാനിനെ പിടിക്കാൻ രാമൻ ഓടുന്ന ഭാസ നാടകം, മാംസവുമായി നമ്മുടെ ജീവിതം എങ്ങിനെ പിണഞ്ഞു കിടക്കുന്നു എന്ന് കാണിച്ചു തരുന്നു.  കഥയെന്തായിരുന്നാലും മാംസത്തിന്റെ ഉപഭോഗവും ഭാരതീയ സംസ്കാരവും എത്രത്തോളം ബന്ധപ്പെട്ട് കിടക്കുന്നു എന്നതാണ് വിഷയം. മാംസം ഉപയോഗിച്ചിരുന്നു എന്ന് തീർച്ചയാക്കാനാണ് ഇത്രയും പറഞ്ഞത്. ഇതേ മാതിരി യാഗങ്ങൾക്കും പൂജകൾക്കും മാംസം ഉപയോഗിച്ചതായി നമുക്ക് കാണാം.
ദേവീ ഭാഗവതത്തിൽ നവരാത്രി പൂജ മഹിഷത്തെ ബലിയർപ്പിച് ചെയ്യാൻ പറയുന്നു. മാംസസനം യെ  കുർവന്തി ധൈ കാര്യം പശു ഹിംസനം,മഹിഷാജ വരാഹാദി, ബലിദാനം ബഹുവിശ്യതേ " എന്ന് പറയുന്നുണ്ട്.
അതായതു ജന്തുബലി ആർഷധര്മമാണ്, അതിനെ മ്ലേച്ചമാക്കിയത് ഇന്നത്തെ ആചാര്യന്മാരാണ്. ഇത് മാംസാഹാരികളായ ഹിന്ദുക്കളിൽ അപകർഷതാ ബോധത്തെ ഉണ്ടാക്കുന്നു. അവരിൽ ചിലർ മാംസാഹാരം ഉപേക്ഷിക്കാൻ നിർബന്ധിതരാകുന്നു. മറ്റുചിലർ ഹൈന്ദവായതിനെയെല്ലാം പുച്ഛത്തോടെ നോക്കിക്കാണുന്നു.
ആർഷമായ എല്ലാ പുരാണങ്ങളും, എല്ലാ ഗ്രന്ഥങ്ങളും മാംസാഹാരത്തെ വിവരിക്കുന്നു. ബൃഹദാരണ്യക ഉപനിഷദ് അതിന്റെ അവസാന ഭാഗത്ത്‌ മാംസാഹാരത്തെ കുറിച്ച് പറയുന്നു.
യഥാർത്ഥത്തിൽ മനുഷ്യൻ ഒരു മിശ്രബുക്കാണ്. അല്ലാത്ത വാദങ്ങളൊക്കെ അബദ്ധജടിലമാണ്.

വിവേകാനന്ദൻ കൽക്കത്തയിൽ ആദ്യ സന്യാസി സമൂഹത്തെ അഭിസംബോധന ചെയ്തു പറഞ്ഞ കാര്യം നമ്മുടെ മനസ്സിലുണ്ടാകണം. "നമ്മുടെ ഗ്രന്ഥങ്ങൾ തുടർച്ചയില്ലാത്തതും പലപ്പോഴും തെറ്റിദ്ധാരണാജനകവുമാണ്. ഇതിൽ നാം അന്വേഷണം നടത്തി സത്യത്തിന്റെ ഒരു നേർരേഖ കൊണ്ട് വരാൻ ആണ് നാം ശ്രമിക്കേണ്ടത്, അല്ലാതെ അവയെ അവലംബമാക്കിയാൽ നൂതന വിദ്യാഭ്യാസം നേടിയ തലമുറ നമ്മെ വിലമതിക്കാതെ പോകും. ആദ്യം അന്വേഷണമാണ് വേണ്ടത്, നമുക്കുള്ളത് ധര്മത്തിന്റെ പിൻബലവും", ഇതിൽ  നിന്ന് നാം പലതും മനസ്സിലാക്കിയെടുക്കേണ്ടതുണ്ടെന്നർത്ഥം.

ആചാര്യ ത്രൈപുരത്തിന്റെ വാക്കുകളെ അവലംബമാക്കി എഴുതിയത്.