ഹിതം മാത്രമാണ് സത്യം, മതമല്ല.
സത്യമാണ് ആത്മവിദ്യയിലേക്ക് കയറാനുള്ള പടിവാതില്‍, ആത്മാവിന്റെ ലോകങ്ങളിലേക്ക് സത്യമില്ലാതെ കടന്നു ചെല്ലാന്‍ പറ്റില്ല.
മതങ്ങള്‍ക്ക് ഒരിക്കലും ആത്മാവിനെ അറിയിക്കാന്‍ ആവുകയുമില്ല. കാരണം മതങ്ങള്‍ സത്യം ഒരിക്കലും പറയില്ല.
മനുഷ്യനാല്‍ സൃഷ്ടിക്കപ്പെട്ട എല്ലാ സംഘടിത മതങ്ങളും നിലനില്‍ക്കുന്നത് എതിരാളിയെ തോല്‍പ്പിക്കുവാന്‍ കെട്ടിച്ചമച്ചുണ്ടാക്കുന്ന കള്ളങ്ങളും കഥകളും കൊണ്ടു തീര്‍ക്കുന്ന അടിത്തറയിലാണ്.
ലോകത്ത് ഇന്നോളം ഉണ്ടായിട്ടുള്ള എല്ലാ മതങ്ങളുടെയും അസ്ഥിവാരം അസത്യത്തിലും ശത്രുതയിലും ആണ്.
അതുകൊണ്ട് ഒരു മതവും നിങ്ങളെ ആത്മാവിലേക്ക് അടുപ്പിക്കില്ല.
നിങ്ങള്‍ ഒരിക്കല്‍ അതിന്റെ അനുയായി ആയാല്‍ അച്ചടക്കം എന്ന പേരില്‍ കള്ളം പറയാന്‍ ബാദ്ധ്യസ്ഥരുമാണ്.
ഞാനും എന്‍റെ കൂടെ പത്തു പേരും ചേര്‍ന്ന് ഒരു സംഘടന ഉണ്ടാക്കിയാല്‍, സംഘടിക്കുന്നു എന്നതുകൊണ്ടു തന്നെ ഞാന്‍ മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തനാണ്, മാനസികമായി. അങ്ങനെ വ്യത്യസ്തനാകുന്നതു കൊണ്ടു തന്നെ മറ്റുള്ളവരോട് എതിര്‍പ്പുള്ളതാണ്. അതുകൊണ്ടു തന്നെ എന്‍റെ മഹത്വത്തിന്‍റെ കള്ളക്കഥകള്‍ എന്‍റെ വളര്‍ച്ചയ്ക്ക് അനിവാര്യവും എതിരാളിയ്ക്ക് എതിരായുള്ള കള്ളക്കഥകള്‍ അവന്‍റെ തളര്‍ച്ചയ്ക്ക് അനിവാര്യവും ആണ്. അല്ലെങ്കില്‍ ഞാനും അവനുമായി എന്തു വ്യത്യാസം?
ആത്മാവ് എല്ലായിടത്തും തുല്യമാണെങ്കില്‍ എന്തിനു പ്രത്യേകിച്ച് സംഘങ്ങള്‍? സംഘടിച്ചു പ്രത്യേകിച്ചാകുന്നു എന്നുള്ളതു തന്നെ മറ്റേതിനേക്കാള്‍ മഹത്വമുള്ളതാണ് ഇത് എന്ന് കരുതുന്നു എന്നതിന്റെ ലാഞ്ചന ആണ്. അതിനു ഞാന്‍ ഉപയോഗിക്കുന്ന ഭാഷയിലെല്ലാം എന്നെ വലുതാക്കി കാണിക്കുവാനും അപരനെ ചെറുതാക്കി കാണിക്കുവാനും ഉള്ള ശബ്ദങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്, അഥവാ അസത്യം ഒളിഞ്ഞിരിപ്പുണ്ട്. സംഘടിച്ചാല്‍ ഈ ദോഷം ഉണ്ട്. എങ്ങനെ സംഘടിച്ചാലും ഞാനും നിങ്ങളും ചേരുമ്പോള്‍ അച്ചടക്കം എന്ന പദത്തിന് കള്ളം എന്നേ അര്‍ത്ഥം ഉള്ളൂ. പദം കൊണ്ടുള്ള പന്താട്ടം ഇല്ലെങ്കില്‍ അച്ചടക്കം ഉള്ള ഒരു പ്രവര്‍ത്തകന്‍ കള്ളനാണ്. അല്ലെങ്കില്‍ എന്ത് അച്ചടക്കം?
സത്യം ജീവനു ഹിതമായതാണ്. ജീവനു മതമുണ്ടോ? മതങ്ങള്‍ ജീവനെ നിലനിര്‍ത്താന്‍ ഒരിക്കലും പറയാറില്ല. ജീവനെ ഹനിക്കാന്‍ മാത്രമേ പറയാറുള്ളൂ. ഹനിച്ച ജീവനെ ഹനിച്ചില്ല എന്ന് സ്ഥാപിക്കാനേ പറയാറുള്ളൂ. ഞാന്‍ ഒരാളെ കൊന്നാല്‍ ഞാന്‍ കൊന്നിട്ടില്ല എന്നു സ്ഥാപിക്കാന്‍ എന്‍റെ ഭക്തന്മാര്‍ സമരം നടത്തും. ഞാനും, എനിക്കു ചുറ്റും കുറെ ഭക്തന്മാരും ഉണ്ടായാല്‍, അതു പോലും ആത്മവികാസത്തിനു എതിരാണ്. കാരണം കള്ളം സംഘംചേരലിന്‍റെ കൂടപ്പിറപ്പ് ആണ്.
ഹിതം മാത്രമാണ് സത്യം, മതമല്ല.
No comments:
Post a Comment