Tuesday, 20 March 2018

രാഷ്ട്ര നിർമാണത്തിന് ഒരദിക്കുറിപ്പ്.

ചിദഗ്നിമുഖപ്രസംഗം-ടി.ആർ.സോമശേഖരൻ
~~~~~~~~~~~~~~~~~~~~~~~~~~~~
2017 ജനുവരി-മാര്‍ച്ച്
--------------------------------
ഭാരതം നിര്‍മാണത്തിലിരിക്കുന്ന രാഷ്ട്രമാണ് (nation in the making) എന്നു സ്‌കൂള്‍വിദ്യാര്‍ത്ഥിയായിരിക്കെ പഠിപ്പിച്ചിട്ടുണ്ട്. രാഷ്ട്രനിര്‍മാണം എന്ന പ്രയോഗം അര്‍ഥശൂന്യമാണെന്നും ഇല്ലാത്ത രാഷ്ട്രത്തെ ഉണ്ടാക്കുകയല്ല ചെയ്യുന്നതെന്നും ദേശീയപ്രസ്ഥാനത്തിന്റെ ആശയം പ്രചരിച്ചിട്ടുണ്ട്. രാഷ്ട്രപുനര്‍നിര്‍മാണം (national reconstruction) എന്ന പദപ്രയോഗം ഇങ്ങനെ വ്യാപിച്ചു. രാഷ്ട്രമുണ്ട്; ഭാരതം ലോകത്തിലെ ഏറ്റവും പുരാതനമായ രാഷ്ട്രമാണ് എന്നാണ് ഈ വാദത്തിന്റെ താത്പര്യം. അതിന് ഉപപത്തിയും കാണിക്കാന്‍ കഴിയും. പക്ഷേ കാണിക്കേണ്ട ഉപപത്തി ആരും കാണിച്ചിട്ടില്ല. കാണിക്കേണ്ടാത്തവ - ഉപപത്ത്യാഭാസങ്ങള്‍ - പലതും കാണിച്ചിട്ടുമുണ്ട്. വേദപുരാണേതിഹാസങ്ങളെയാണു രാഷ്ട്രപ്പഴമയുടെ പ്രത്യക്ഷപത്രങ്ങളായി കാണിക്കുന്നത്. വേദം ''വിദ് ജ്ഞാനേ'' എന്ന ധാതുവില്‍നിന്നുണ്ടായതുകൊണ്ട് അറിവ് എന്നര്‍ഥമാണ് എന്നും ജ്ഞാനഭണ്ഡാഗാരമാണു വേദമെന്നും ചിലര്‍ പ്രചരിപ്പിച്ചിട്ടുണ്ട്. വേദം എന്താണെന്നു നോക്കിയിട്ടില്ലാത്തവര്‍ അതാവര്‍ത്തിച്ചുവരുന്നു. ഇക്കൂട്ടരില്‍ വേറെ പല വിഷയങ്ങളിലും പ്രഗല്ഭരായവര്‍ ഉള്ളതുകൊണ്ട് പലരും കേട്ടു വിശ്വസിച്ചിട്ടുമുണ്ട്; കണ്ടു വിശ്വസിച്ചവര്‍ ഇല്ലെന്നേയുള്ളൂ. വിശ്വാസമാണു പരമമായ മൂല്യമെന്നു കരുതുന്നവര്‍ക്ക് യേശുവിന്റെ മരണാനന്തരമുണ്ടായ ഉയിര്‍ത്തെഴുന്നേല്പുപോലെ കേട്ടുവിശ്വസിച്ചവര്‍ക്കാണു മാഹാത്മ്യം! കണ്ടാലേ വിശ്വസിക്കൂ എന്നുവച്ചവര്‍ക്കു വിശ്വാസത്തിന് ഉറപ്പു കുറവാണല്ലൊ. കണ്ടത് യേശു കുരിശില്‍ മരിക്കാഞ്ഞതുകൊണ്ടാണെന്നങ്ഗീകരിക്കാന്‍ യാഥാര്‍ഥ്യബോധമുള്ളവര്‍ നന്നേ കുറവുമായിരുന്നു.

ഇതു ക്രൈസ്തവരുടെമാത്രം അവസ്ഥയല്ല; വിശ്വാസികളൊക്കെ ഇങ്ങനെയാണ്. ബുദ്ധിയില്ലാത്തതുകൊണ്ടോ ഉണ്ടെങ്കിലും ഉപയോഗിക്കില്ലെന്നു വ്രതമെടുത്തിട്ടുള്ളതുകൊണ്ടോ ആണല്ലോ അവര്‍ പ്രമാണവിചാരമില്ലാതെ വിശ്വാസികളായിരിക്കുന്നത്. വേദവിശ്വാസികള്‍ ഋഗ്വേദം ലോകത്തിലെ ആദിമഗ്രന്ഥമാണെന്നും വേദത്തിലില്ലാത്ത അറിവില്ലെന്നും അവകാശപ്പെടുന്നു. വേദം ഒന്നായിരുന്നുവെന്നും നാലാക്കിയത് വ്യാസനാണെന്നും പഠിപ്പിക്കുന്ന പാരമ്പര്യം വേറെ! രണ്ടും ഒരുപോലെ സ്വീകരിക്കാന്‍ വിശ്വാസികള്‍ക്കു ക്ലേശമില്ല. കാരണം വ്യക്തം. സംഹിത, ബ്രാഹ്മണം, ആരണ്യകം, ഉപനിഷത് എന്നു നാലു ഘടകങ്ങളും ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ച്ഛന്ദസ്, ജ്യോതിഷം എന്ന് ആറ് അങ്ഗങ്ങളുമുണ്ട് വേദത്തിന്. ഇവയെല്ലാം എന്തിനുവേണ്ടിയുണ്ടായി എന്നറിയാന്‍ ഇത്രയും പഠിക്കേണ്ടതില്ല. വൈദികസമ്പ്രദായം മനസിലാക്കാന്‍ ഇവയുടെയെല്ലാം പൊരുള്‍ തീരുമാനിക്കുന്ന മീമാംസമാത്രം പഠിച്ചാല്‍മതി. യാഗത്തിനുവേണ്ടിയാണ് എല്ലാം എന്നാണ് അതില്‍ കാണുന്നത്. വേദത്തിലെ ഒരു വാക്യത്തിനും ജ്ഞാനപരമായ അര്‍ഥം പറഞ്ഞുകൂടെന്ന് മീമാംസ നിഷ്‌കര്‍ഷിക്കുന്നു. യാഗം ചെയ്യാനുള്ള വിധിയാണ് പരമമായ വാക്യം. മന്ത്രം, അര്‍ഥവാദം, നാമധേയം, നിഷേധം എന്ന ശേഷം നാലു വകയും വിധിവാക്യത്തോടു ചേര്‍ത്തുവച്ചുവേണം അര്‍ഥം പറയാന്‍. അവ വിധിയുടെ വിശേഷണങ്ങള്‍ മാത്രമാണ്. സ്വതന്ത്രമായി അര്‍ഥം പറയുന്നവയല്ല. അപ്പോള്‍ വേദം എന്തിനാണു പ്രമാണമാകുന്നത്? യാഗത്തിനുമാത്രം. ലോകത്തിലെ ഒരു യാഥാര്‍ഥ്യവുമറിയാന്‍ അതില്‍ വകയില്ല. എന്നാലും വേദത്തില്‍ പദമുള്ളതുകൊണ്ടാണു ലോകത്തില്‍ പദാര്‍ഥമുള്ളതെന്നുവരെയാണ് അവകാശവാദം പോകുന്നത്! വേദത്തില്‍ എത്ര പദങ്ങളുണ്ടോ അത്രയും പദാര്‍ഥങ്ങള്‍മാത്രമാണോ ലോകത്തിലുള്ളത്? പദാര്‍ഥങ്ങളെ പഠിക്കുന്ന വിജ്ഞാനശാഖകളില്‍ അവയെ കുറിക്കുന്ന പദങ്ങള്‍ക്കു തുല്യമായ പദം വേദത്തില്‍ ഉണ്ടോ? നാലു സംഹിതകളിലും ''ദേവത''കളുടെയും വൈദികകര്‍മ്മങ്ങളുടെയും സ്തുതിയാണുള്ളത്. ''ദേവത'' മന്ത്രത്തിന്റെ പ്രതിപാദ്യമായ വിഷയമാണ് എന്നഭിപ്രായമുണ്ട്. കാളത്തോല്‍, കല്ലുകള്‍ (ഇവ സോമലത ഇടിച്ചുപിഴിഞ്ഞ് മദ്യമുണ്ടാക്കാനുള്ളവയാണ്) മുതലായവ ദേവതകളായ മന്ത്രങ്ങള്‍ ഈ വാദത്തിനനുകൂലമാണ്. ഏതായാലും സ്തുതിയാണ് അര്‍ഥം. ഈയര്‍ഥത്തിലാണ് ഋക് എന്ന വാക്ക്. ''ഋച സ്തുതൗ'' എന്നു ധാതു. ഇങ്ങനെ നോക്കിയാലും ഋഗ്വേദം എങ്ങനെ ജ്ഞാനപരമാകും?

വേദം ഈശ്വരന്‍ രചിച്ചതാണെന്നും നിത്യമായി ഉള്ളതാണെന്നും രണ്ടു വാദങ്ങളുണ്ട്. രണ്ടും അര്‍ഥശൂന്യമാണെന്നറിയാന്‍ സാമാന്യബുദ്ധിമതിയല്ലൊ. പുരാണേതിഹാസങ്ങള്‍ വേദാര്‍ഥം വിസ്തരിക്കാന്‍വേണ്ടി ഉണ്ടാക്കിയെന്നാണു പരമ്പരയായി പറഞ്ഞുവരുന്നത്. ഇവയ്ക്കു പഞ്ചമവേദം എന്നു പേരും പറയുന്നുണ്ട്. മഹാഭാരതത്തിനു വിശേഷമായും ഈ പേരു പറഞ്ഞുകാണുന്നു. ഇതു ശരിയാണെങ്കില്‍ അവയില്‍ കാണുന്ന ജ്ഞാനപരമായ പ്രതിപാദനങ്ങള്‍ പ്രക്ഷിപ്തങ്ങളായിരിക്കണം.

വൈദികവ്യവസ്ഥിതിയുടെ ശാസ്ത്രം സ്മൃതികളാണ്. സ്മൃതികള്‍ എന്ന പേരുതന്നെ ഓര്‍മ്മയെ കുറിക്കുന്നതാണല്ലൊ. എന്തിന്റെ ഓര്‍മ്മ എന്ന ചോദ്യത്തിനു വേദത്തിന്റെ എന്നാണുത്തരം. അപ്പോള്‍ അവയില്‍ കാണുന്ന നിയമങ്ങള്‍ക്കും ദുര്‍വ്യവസ്ഥകള്‍ക്കും വേദത്തിന്റെ അങ്ഗീകാരമുണ്ടെന്നുവരുന്നു. ഇതിനു തെളിവാണു പൂര്‍വമീമാംസയും (ജൈമിനി) ഉത്തരമീമാംസയും (ബാദരായണന്‍). രണ്ടിലും അപശൂദ്രാധികരണമുണ്ട്. ശൂദ്രര്‍ക്കു വേദം പഠിക്കാനും യാഗം ചെയ്യാനും അര്‍ഹതയില്ലെന്നു ജൈമിനിയും വേദാന്തത്തിനര്‍ഹതയില്ല എന്നു ബാദരായണനും സിദ്ധാന്തിക്കുന്നു. ഹിന്ദുജനതയുടെ 85% ശൂദ്രരാണ്. 15% വരുന്ന ത്രൈവര്‍ണികരിലെ സ്ത്രീകളുടെ നില ശൂദ്രര്‍ക്കു തുല്യമായിരുന്നു. അവര്‍ക്കും വേദാധികാരമില്ല. സ്ഥിതിവിവരക്കണക്കു നോക്കിയാല്‍ 7 1/2 ശതമാനത്തോളം പേരുടെ പാരമ്പര്യമാണു വേദപാരമ്പര്യം! അതു തങ്ങളുടെ പാരമ്പര്യമാണെന്നും ആര്യന്മാര്‍ തങ്ങളുടെ പൂര്‍വികരാണെന്നും കുറെ അന്ധവിശ്വാസികള്‍ കരുതിയാല്‍ അതു രാഷ്ട്രത്തിന്റെ പൈതൃകമാകുമോ? ഭാരതത്തിനു ജീവിക്കാന്‍ വേണ്ട എന്തു കാഴ്ചപ്പാടോ ആദര്‍ശമോ ആണ് അതിലുള്ളത്? ഇങ്ങനെ ചോദിച്ചാല്‍ ഉപനിഷത്തില്‍ കുഴിച്ചിട്ടിരിക്കുന്ന ആത്മവിജ്ഞാനത്തിന്റെ ആശയങ്ങള്‍ അതറിയുന്നവര്‍ തോണ്ടിയെടുത്തുകൊണ്ടുവരും! പശ്വാലംഭനത്തിന്റെയും സ്ത്രീനിഃസാരീകരണത്തിന്റെയും വര്‍ണ്ണവിവേചനത്തിന്റെയും ചരിത്രത്തോട് ഇതെങ്ങനെ പൊരുത്തപ്പെടും? വിശ്വോത്ക്രാന്തിവാദവും സൃഷ്ടിവാദവും തമ്മിലുള്ള വൈരുദ്ധ്യം എങ്ങനെ പരിഹരിക്കും? സെമിറ്റിക് എന്നു പുച്ഛിച്ചുതള്ളിയ ബൈബിളിലെയും ഖുര്‍ആനിലെയും വാദങ്ങളും വേദാദിശാസ്ത്രങ്ങളിലെ വാദങ്ങളും എന്തുകൊണ്ടാണ് ഒരുപോലെയിരിക്കുന്നത്? ഇവയൊക്കെ ഒരു പൈതൃകവും ആത്മവിജ്ഞാനം വേറെ പൈതൃകവുമാണെന്നു പകല്‍വെളിച്ചം പോലെ വ്യക്തമാണല്ലൊ. ഈ രണ്ടില്‍ ഏതാണു ഭാരതത്തിന്റേത് എന്നു തന്നോടുതന്നെ ചോദിച്ച് സത്യസന്ധമായി ഉത്തരം കണ്ടെത്താന്‍ ഭാരതീയര്‍ക്ക് - അവരിലെ നേതൃവര്‍ഗത്തിനെങ്കിലും - കഴിയുന്ന കാലത്തേ രാഷ്ട്രനിര്‍മാണം; അല്ലെങ്കില്‍ പുനര്‍നിര്‍മാണം; ചിന്തിക്കാന്‍പോലും കഴിയൂ.

രാഷ്ട്രമെന്നാല്‍ ദേശവും ജനതയുമാണ് (The land and the people). ജനതയില്‍ കാലാകാലങ്ങളിലെ വിദേശാധിപത്യംകൊണ്ടു കലര്‍പ്പുവന്നിട്ടുണ്ട്. ജീനിലും ആശയങ്ങളിലും വിശ്വാസങ്ങളിലും ആചാരങ്ങളിലുമെല്ലാം ഇതു സംഭവിച്ചിട്ടുണ്ട്. ഇതിവിടത്തെമാത്രം പ്രശ്‌നമല്ല; മനുഷ്യജാതി പൊതുവില്‍ അനുഭവിച്ച ദുരന്തമാണ്. എന്നാല്‍ ഇതു ചരിത്രത്തിന്റെ അവസാനമല്ല. ഭാരതത്തിന്റെ അതിജീവനം ഇച്ഛിക്കുന്നവരുടെ മുമ്പില്‍ സഫലമായി രാഷ്ട്രനിര്‍മാണം സാധിച്ചവരുടെ ഉദാഹരണമുണ്ട്. ഏറ്റവും നല്ല ഉദാഹരണം അമേരിക്കന്‍ ഐക്യനാടുകളുടെയായിരിക്കും. വിവിധ ദേശങ്ങളില്‍നിന്നു കുടിയേറിയ ഭിന്നചരിത്രവും സംസ്‌കാരവും പാരമ്പര്യവുമുള്ള ജനവര്‍ഗങ്ങളാണ് അവിടെയുണ്ടായിരുന്നത്. ഇംഗ്ലീഷുകാര്‍ക്കു പ്രാമുഖ്യമുണ്ടായിരുന്നു. ഒടുവില്‍ ബ്രിട്ടീഷ് സാമ്രാജ്യത്തോടു പൊരുതി സ്വാതന്ത്ര്യം നേടിയതുമാണ്. ഇപ്പോള്‍ ഒരാളും പഴയ ദേശമോ ചരിത്രമോ പൈതൃകമോ ഓര്‍ക്കുന്നില്ല. മാതൃകാ അമേരിക്കക്കാരനേയുള്ളൂ. ഇതെങ്ങനെ സാധിച്ചു? പൊതുവിദ്യാഭ്യാസമായിരുന്നു അവിടത്തെ രാഷ്ട്രനിര്‍മാണത്തിന്റെ ഉപകരണം. അമേരിക്കക്കാരെയുണ്ടാക്കുന്ന വിദ്യാഭ്യാസമാണ് അമേരിക്കയെ ഉണ്ടാക്കിയത്. അമേരിക്കര്‍ ഉണ്ടായപ്പോള്‍ അമേരിക്കയുണ്ടായി. ഇംഗ്ലീഷ്ഭാഷയുടെ രൂപംപോലും അവര്‍ മാറ്റി. തങ്ങളുടെ ഭാഷ ഇംഗ്ലീഷല്ല; അമേരിക്കനാണ് എന്ന് അവര്‍ പറയുന്നു.

ഭാരതത്തിനു സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ നവഭാരതസൃഷ്ടിക്ക് ഉതകുന്ന വിദ്യാഭ്യാസമുണ്ടാക്കാന്‍ കഴിയാതെപോയതെന്തുകൊണ്ട്? പ്രാചീനവിദ്യാഭ്യാസവ്യവസ്ഥയുള്ള പ്രാചീനജനതയ്ക്ക് അങ്ങനെയല്ലാത്ത അമേരിക്ക ചെയ്തതു ചെയ്യാന്‍ പറ്റാഞ്ഞതെന്തുകൊണ്ടെന്ന് ആരും ചര്‍ച്ചചെയ്തുകാണാത്തതും ആശ്ചര്യമായിരിക്കുന്നു. ''സ്വതന്ത്ര''ഭാരതത്തിന്റെ അമരക്കാര്‍ മാതൃകയായി തെരഞ്ഞെടുത്തത് ലണ്ടന്‍ സര്‍വകലാശാലയായിരുന്നു! എന്തുകൊണ്ട് ഓക്‌സ്‌ഫോര്‍ഡും കേംബ്രിഡ്ജുമായില്ല? നേതാക്കന്മാര്‍ക്കു വേണ്ടിയിരുന്നത് മണ്ടന്‍ സര്‍വകലാശാലകളായിരുന്നു; അതിനു മാതൃക ലണ്ടന്‍തന്നെ! രാഷ്ട്രപിതാവിന്റെ അടിസ്ഥാനവിദ്യാഭ്യാസം എന്ന തത്ത്വചിന്ത ആരും ഓര്‍ക്കാഞ്ഞത് മറ്റൊരത്ഭുതം. ഭരണാധികാരികള്‍ ഓര്‍ത്തില്ലെങ്കിലും വിദ്യാഭ്യാസവിചക്ഷണര്‍ ഓര്‍ക്കേണ്ടതായിരുന്നു. ബ്രിട്ടീഷ് പൈതൃകം നിലനിറുത്തുകയും ഗാന്ധിയന്‍ പൈതൃകത്തെ നാടുകടത്തുകയും ചെയ്ത ഭാരതത്തില്‍ പ്രമുഖ ഗാന്ധിയന്‍ചിന്തകനായ ഡോക്ടര്‍ ധരംപാല്‍ ബ്രിട്ടീഷുകാര്‍ നശിപ്പിച്ച ഭാരതീയവിദ്യാഭ്യാസവ്യവസ്ഥയെ സംബന്ധിച്ചു ഗവേഷണം ചെയ്ത് അതിന്റെ ഫലം “The beautiful tree” എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ വാക്ക് ആ വ്യവസ്ഥയെ കുറിക്കാന്‍ ഗാന്ധിജി ഉപയോഗിച്ചതാണ്. വൈദികരുടെയും മറ്റും മന്ത്രവാദവിദ്യാഭ്യാസമല്ല; ജനതയുടെ ജീവിതോപയോഗിയായ വിദ്യാഭ്യാസമാണു വിഷയം. പ്രാഥമികവിദ്യാലയം മുതല്‍ സര്‍വകലാശാലാനിലവാരത്തിലുള്ള വിദ്യാഭ്യാസംവരെയുള്ള പദ്ധതി അതില്‍ വര്‍ണിക്കുന്നു. ബ്രിട്ടീഷ് സര്‍ക്കാരിന്റെ കളക്റ്റര്‍മാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടുകളാണു പ്രമാണമാക്കിയിരിക്കുന്നത്. ഈ പാരമ്പര്യത്തിനു സ്വതന്ത്രഭാരതത്തിന്റെ ജീവിതത്തില്‍ പ്രസക്തിയില്ലേ? ശൂന്യത്തില്‍നിന്നു തുടങ്ങുമ്പോലെ വൈദേശികമാതൃകയെ ആശ്രയിച്ചപ്പോള്‍ സ്വാതന്ത്ര്യം നിരര്‍ത്ഥകമാവുകയാണു ചെയ്തത്. ദേശീയവിദ്യാഭ്യാസത്തിനു നമുക്കു പഴയ മാതൃകയുള്ളതാണു ധരംപാലിന്റെ ഗവേഷണത്തിലൂടെ വെളിച്ചംകണ്ടത്. വൈദിക-താന്ത്രിക (ഹിന്ദു?) മദ്രസകള്‍ വെറെ പാരമ്പര്യമാണ്. പഴയ ഹിന്ദുമദ്രസകളുടെ ചരിത്രം പ്രചരിപ്പിക്കുന്നവര്‍ കാണാതെപോകുന്നത് രാഷ്ട്രപുനഃസൃഷ്ടിക്കുതകുന്ന വിദ്യാഭ്യാസപാരമ്പര്യമാണ്. ഗാന്ധിജിയുടെ അടിസ്ഥാനവിദ്യാഭ്യാസത്തിന്റെ ആദര്‍ശങ്ങള്‍ പലതും അതിലുണ്ടായിരുന്നു. ജനതാഹൃദയത്തിന്റെ നൈസര്‍ഗികപ്രേരണയായതുകൊണ്ടാകാം അങ്ങനെ സംഭവിച്ചത്. യഥാര്‍ത്ഥ വിദ്യാപാരമ്പര്യത്തിന്റെ മുറിഞ്ഞ കണ്ണികള്‍ ഇണക്കി പ്രാചീനവിജ്ഞാനത്തിന്റെ തുടര്‍ച്ചയായി ആധുനികവിജ്ഞാനത്തെ അനുഭവിക്കാന്‍ കഴിയുന്ന വിദ്യാഭ്യാസമാണു വേണ്ടത്. ഈ പ്രാചീനവിജ്ഞാനമാണ് ആത്മവിജ്ഞാനം. അതിന്റെ ജീവിതപദ്ധതിയാണു സനാതനധര്‍മ്മം. വിശ്വോത്ക്രാന്തിയാണ് (Cosmic evolution) ആത്മവിജ്ഞാനത്തിന്റെ പഴയ വാങ്മയംകൊണ്ട് അറിയുന്നത്. ഉണ്ടായിരിക്കുക എന്ന ലക്ഷണംമാത്രം പറയാവുന്ന; അതുകൊണ്ട് 'സത്' എന്നു പേരിട്ട; വസ്തുവാണു ഉത്ക്രമിക്കുന്നത്. ആദ്യമുണ്ടാകുന്നത് ഇതു 'ചിത്' എന്ന ബോധമണ്ഡലമാകലാണ്. മണ്ഡലം (Field)പ്രവര്‍ത്തിക്കുന്ന രീതിയാണ് ആധുനികവിജ്ഞാനത്തിലെ ഫീല്‍ഡ് തിയറികൊണ്ടറിയുന്നത്. വേറെവിധം പ്രവര്‍ത്തനം സാദ്ധ്യമല്ല. ഇതു ക്രമേണ ക്വാണ്ടം സ്വഭാവം - എത്രയെങ്കിലും വിഭജിക്കാവുന്ന നില - കൈവരിക്കാതെ അസങ്ഖ്യം വ്യക്തിസത്തകള്‍ ഉണ്ടാവില്ല. ഇവിടെ ഈ മണ്ഡലത്തിന്റെ ക്വാണ്ടം - മാത്ര - ഉണ്ടെന്നുവരുന്നു. കണത്തില്‍ ബോധകണമല്ലേ ഉണ്ടാകാന്‍ കഴിയൂ. അപ്പോള്‍ ക്വാണ്ടം തിയറിയനുസരിച്ചേ പ്രവര്‍ത്തിക്കാന്‍ കഴിയൂ. വിശ്വോത്ക്രാന്തിയുടെ തന്ത്രം ക്വാണ്ടംമെക്കാനിക്‌സ് ആണെന്നു ഇങ്ങനെ കാണാന്‍ കഴിയുന്നു. അതിന്റെ അതിര്‍ത്തി ഇപ്പോള്‍ എത്തിയതിനും വളരെ അപ്പുറമാണ് - ആദിമക്വാണ്ടം ബോധമണ്ഡലംവരെ. അതിനു മുമ്പു ക്വാണ്ടം സ്വഭാവമില്ലാത്ത മണ്ഡലങ്ങളുണ്ട്. അവിടെ പിന്നീടുള്ളതുപോലെ വൈവിധ്യമോ സങ്കീര്‍ണ്ണതയോ ഇല്ല. മണ്ഡലങ്ങള്‍ ആവിര്‍ഭവിക്കുകമാത്രമാണു ചെയ്യുന്നത്. ചിത്തുമുതല്‍ അവ്യക്തം വരെ രണ്ടു ചതുഷ്ടയങ്ങളാണിത്. അവിടെയും നിയമമില്ലാതെ പറ്റില്ല. മണ്ഡലങ്ങളായതുകൊണ്ട് അവ ഫീല്‍ഡ്തിയറിയെ അനുസരിക്കുന്നുണ്ടാവും. ഈ നിയമങ്ങളെല്ലാം പ്രകൃതിയുടെ സ്വഭാവമായതുകൊണ്ട് അങ്ങനെയേ വരാന്‍ കഴിയൂ.

സുസ്പഷ്ടമായ ഈ വിജ്ഞാനത്തിനെതിരെയാണു മിസ്റ്റിസിസം, ഒക്കള്‍ട്ടിസം എന്നീ രണ്ടു ജാതി ആഭിചാരവിദ്യകള്‍ വേദ-തന്ത്രാദിശാസ്ത്രങ്ങള്‍ വഴി ഇന്ത്യന്‍മനസുകളില്‍ കിരാതവാഴ്ച നടത്തുന്നത്. സര്‍വപ്രമാണങ്ങള്‍ക്കും സാമാന്യബുദ്ധിക്കും വിരുദ്ധമായ കപടവാദങ്ങള്‍ ഭാരതത്തിന്റെ ആശയങ്ങളായി ചുമത്തപ്പെട്ടിരിക്കുന്നു. ഇങ്ങനെ ഭാരതത്തിന്റെ മനസു തിരോഹിതമായി വേറെ ഏതോ മനസ് ഭാരതശരീരത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

ഇപ്പോള്‍ ജനതയെ ഒന്നാക്കിയ, ഇനി ഒന്നാക്കാന്‍ പര്യാപ്തമായ, വൈകാരിക - വൈചാരികാടിത്തറ എവിടെ അന്വേഷിക്കും? മിഥ്യയില്‍ രാഷ്ട്രം നിര്‍മിക്കാന്‍ പറ്റില്ലല്ലൊ. തന്നെയും ലോകത്തെയുമറിയുന്നതാണ് അറിവ്. ഇവയുടെ ഭൗതികാംശങ്ങള്‍ ആധുനികവിജ്ഞാനംകൊണ്ടറിയുന്നു. അങ്ങനെയറിയാന്‍ പറ്റാത്തത് ആത്മവിജ്ഞാനംകൊണ്ടേയറിയാന്‍ കഴിയൂ. ആധുനികവിജ്ഞാനം ഇപ്പോള്‍തന്നെ അഭ്യാസത്തിനു വിഷയമാണ്. ഭാരതത്തിന്റെ തനതുവിദ്യയായ ആത്മവിജ്ഞാനത്തെ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കണം. അതുവരെ രാഷ്ട്രപുനര്‍നിര്‍മാണം നടക്കുകയില്ല. ഭാരതീയരില്‍ പരകായപ്രവേശം ചെയ്ത വിപരീതജ്ഞാനങ്ങള്‍ ഇതുകൊണ്ട് ഒഴിഞ്ഞുപോകും. അപ്പോള്‍ ആധുനികവിജ്ഞാനം കുറെക്കൂടി സ്പഷ്ടമായി മനസ്സിലാകും. വ്യക്തിയുടെയും രാഷ്ട്രത്തിന്റെയും ജീവിതം ശോഭനമാക്കാന്‍ വേണ്ട ശിക്ഷണവ്യവസ്ഥ ഇങ്ങനെയുണ്ടാവും.

ചിന്തിക്കാത്ത സമൂഹത്തെ സൃഷ്ടിക്കാനുണ്ടാക്കിയ വിദ്യാഭ്യാസമാണു നിലവിലുള്ളത്. ഇതിങ്ങനെയാക്കിയതു പ്രഷ്യയിലെ (ഇപ്പോഴത്തെ ജര്‍മനി) ഏകാധിപതിയായിരുന്ന ബിസ്മാര്‍ക്കാണ്. പത്തുശതമാനം പേര്‍ തൊണ്ണൂറുശതമാനം സമ്പത്തു കയ്യടക്കിവച്ചതിനെതിരെയുണ്ടായ ബഹുജനവിപ്ലവം അടിച്ചമര്‍ത്തിയ ബിസ്മാര്‍ക്ക് ഇനി വിപ്ലവമുണ്ടാവാതിരിക്കാന്‍ വഴിയാലോചിച്ചപ്പോഴാണ് ഈ ആശയം ഉദിച്ചത്. ജനങ്ങള്‍ സത്യം മനസ്സിലാക്കുന്നതുകൊണ്ടാണു വിപ്ലവം ഉണ്ടാകുന്നത്. ചിന്തിക്കുന്നതുകൊണ്ടാണു മനസിലാകുന്നത്. അതുകൊണ്ടു ചിന്തിക്കാത്ത സമൂഹമുണ്ടാവണം. ഇതിനു കണ്ടെത്തിയ പദ്ധതി പഠനസമയത്തെ കാലാംശങ്ങളായി (പിരിയഡുകളായി) വിഭജിച്ച് പരസ്പരബന്ധമില്ലാത്ത വിഷയങ്ങള്‍ പഠിപ്പിക്കുക എന്നതായിരുന്നു. ഒരു കാലാംശത്തില്‍ കേട്ടതു ചിന്തിക്കാന്‍ ഇടകൊടുക്കാതെ ചുമന്നുകൊണ്ടു നടക്കാന്‍ പരിശീലിപ്പിക്കുക. മനനശീലം ക്രമേണ നശിച്ചുപൊയ്‌ക്കൊള്ളും. മനുഷ്യര്‍ റോബട്ടുകളായിക്കൊള്ളും.

ഒരു ഗ്രന്ഥം തുടങ്ങിയാല്‍ കഴിയുംവരെ അതുതന്നെ പഠിപ്പിക്കുകയായിരുന്നു ഭാരതത്തിലെ രീതി. ഒരു വിജ്ഞാനശാഖയുടെ മനനം ഇടതടവില്ലാതെ നടന്നുകൊണ്ടിരിക്കാന്‍ അതിലെ അടുത്ത ഗ്രന്ഥം പിന്നെ തുടങ്ങും. വിഷയത്തിനുശേഷം വേറെ വിഷയം എന്നായിരുന്നു പദ്ധതി. ഇതു മനനശീലരെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസം. ഇതിപ്പോള്‍ പ്രായോഗികമാണോ എന്നു ചിന്തിച്ചു ക്ലേശിക്കേണ്ട. യുക്തിവിചാരം ചെയ്യുന്ന ശീലം വളര്‍ത്താന്‍ എന്തായാലും കഴിയും. അതു ചെയ്‌തേ പറ്റൂ.

രാഷ്ട്രനിര്‍മാണത്തിന് അനുകൂലമായ കുറച്ചു സാമഗ്രിയേ നമുക്കുള്ളൂ. നശീകരണത്തിനു വേണ്ടത് എത്രവേണമെങ്കിലുമുണ്ട്. ഇവയെ തിരിച്ചറിഞ്ഞ് സ്വീകരിക്കണം. ഭൂതകാലത്ത് ഓര്‍ക്കേണ്ട ചിലതുണ്ട്; മറക്കേണ്ടത് ഏറെയും. ഉണ്ടാക്കേണ്ട ഭാവിയെക്കുറിച്ചുള്ള സങ്കല്പമാണു പ്രേരണയാവേണ്ടത്. നവനിര്‍മാണം മാത്രമായിരിക്കണം തള്ളാനും കൊള്ളാനും പ്രമാണം. രാഷ്ട്രഘാതകമായി ഭൂതകാലത്തുണ്ടായിരുന്നത് ഒന്നും ശേഷിക്കാതെ തള്ളിയാലേ യാതന സഹിച്ചവരോടും എല്ലാം നഷ്ടപ്പെട്ടവരോടും കഴിഞ്ഞതൊക്കെ മറക്കാന്‍ പറയാന്‍ പറ്റൂ. ശാരീരികവും വൈചാരികവും വൈകാരികവുമായ പീഡനത്തിന്റെ ഉപകരണങ്ങളൊക്കെ ഉപേക്ഷിച്ചാല്‍ പിന്നെ ഭാരതീയവിദ്യയാകുന്ന ആത്മവിജ്ഞാനവും ഭൗതികവിജ്ഞാനവുമേ ശേഷിക്കൂ. മനുഷ്യജീവിതം പുനരാരംഭിക്കാന്‍ അപ്പോള്‍ കഴിയും. അതിലൂടെ രാഷ്ട്രമുയിര്‍കൊള്ളും

ഭാരതീയവിദ്യാപ്രതിഷ്ഠാനം

No comments:

Post a Comment