Tuesday, 20 March 2018

ഭാരതീയ ജീവിത ദര്ശനം.

ചിദഗ്നി മുഖപ്രസംഗം-ടി.ആർ.സോമശേഖരൻ
~~~~~~~~~~~~~~~~~~~~~~~~~~~~

2013 ജൂലൈ
---------------------
ഏകലോകം, സാര്‍വലൗകികസൗഭ്രാത്രം തുടങ്ങിയ പദപ്രയോഗങ്ങള്‍ നാം കൂടെക്കൂടെ കേള്‍ക്കാറുണ്ടല്ലൊ. ഇവ സാക്ഷാത്കരിക്കാന്‍ ചില ആശയസംഹിതകളും പരിശ്രമങ്ങളുമുണ്ടായിട്ടുണ്ട്. പക്ഷേ, നാള്‍ ചെല്ലുന്തോറും ലോകം മുറിഞ്ഞുമുറിഞ്ഞുപൊയ്‌ക്കൊണ്ടിരിക്കുന്നതായും ജനങ്ങള്‍ തമ്മില്‍ അകന്നുപൊയ്‌കൊണ്ടിരിക്കുന്നതായുമാണ് അനുഭവം. ആശയസംഹിതകളുടെ അകത്ത് ആശയസങ്ഘട്ടനങ്ങള്‍ പിറക്കുന്നു. അവ പലതും ആയുധസങ്ഘട്ടനങ്ങളായും മാറുന്നു. സമൂഹത്തിന്റെയുള്ളില്‍ സമൂഹമുണ്ടായിട്ട് അവ തമ്മിലും സങ്ഘര്‍ഷമുണ്ടാകുന്നു. സങ്ഘര്‍ഷമാണ്; സമന്വയമല്ല ജീവിതത്തിന്റെ യാഥാര്‍ത്ഥ്യെമെന്നാണു കണ്ടാല്‍ തോന്നുക. സമവായവും ശാന്തിയും സൗഹൃദവുമെല്ലാം ഉടോപിയ മാത്രം.

ഫ്രെഞ്ചു വിപ്ലവത്തിന്റെ ഹൃദയഹാരിയായ മുദ്രാവചനം ഇപ്പോഴും എല്ലാവരുടെയും മനസ്സില്‍ പച്ചപിടിച്ചു നില്കുന്നുണ്ടാവും: സ്വാതന്ത്ര്യം - സമത്വം – സാഹോദര്യം (Liberty, Euality, Fraternity). അതിനുവേണ്ടിയൊഴുക്കിയ ചോരപ്പുഴയില്‍നിന്നു ഈയാദര്‍ശങ്ങളിലേതിന്റെയെങ്കിലും ഒരു ചെറുകുമിളയെങ്കിലും പൊങ്ങിയോ?

പൊരുത്തപ്പെടാനാവാത്ത രണ്ടു വര്‍ഗങ്ങളായി ജനങ്ങളെ വിഭജിച്ച് ഒന്നിനെ ഉന്മൂലനം ചെയ്തു മറ്റേ വര്‍ഗത്തിന്റെ - 'ഇല്ലാത്ത' വര്‍ഗത്തിന്റെ (the have nots) ഐക്യമുണ്ടാക്കാന്‍ പുറപ്പെട്ട കമ്മ്യൂണിസത്തിന് ഒരു നാട്ടിലെങ്കിലും ആ വര്‍ഗത്തെ ഇണക്കിനിറുത്താനായില്ലല്ലൊ. ലോക കമ്മ്യൂണിസ്റ്റു പ്രസ്ഥാനമെന്ന ഏകത്വസങ്കല്പത്തില്‍നിന്നു ഗ്രാമന്തോറും പിളര്‍ന്നുപൊയ്‌കൊണ്ടിരിക്കുന്ന കമ്മ്യൂണിസ്റ്റുപാര്‍ട്ടികളിലേക്ക് അതു വളര്‍ന്നു. അദ്വൈതത്തിന്റെ നാട്ടില്‍ അതു മനുസ്മൃതി നാറുന്നുമുണ്ട്. പാര്‍ടിയിലൂടെ 'ഇല്ലാത്ത'വരുടെ നേതാക്കള്‍ ഉള്ളവരും ഉള്ളവരേക്കാള്‍ ഉള്ളവരും – “ have lots”   ആയും മാറി. വിപ്ലവം നിരന്തരവിപ്ലവത്തിലൂടെ കമ്പോളസമ്പദ്‌വ്യവസ്ഥാവിപ്ലവമായി. ചിലേടത്തെങ്കിലും വര്‍ഗസങ്ഘട്ടനത്തിനു വളക്കൂറുള്ള മണ്ണു പാര്‍ടിക്കുള്ളിലുണ്ടെന്നതാണ് ആകെയുള്ള ആശ്വാസം. അതുകൂടി ഇല്ലായിരുന്നെങ്കില്‍ വിപ്ലവവീര്യം ശ്വസിച്ചു ജീവിക്കാന്‍ എവിടെ ഇടം തേടും?

ഇസ്ലാം എന്ന വാക്കിനു സമാധാനം എന്നാണത്രേ അര്‍ത്ഥം. അതുള്ളിടത്ത് ആ വാക്കിലല്ലാതെ എങ്ങും സമാധാനമില്ലാത്തതെന്ത്?

കാത്തലിസിറ്റി (Catholicity) എന്നാല്‍ സാര്‍വലൗകികത എന്നര്‍ത്ഥമാണ്. കാത്തലിക് വിശാലമായ സഹിഷ്ണുതയുള്ള എന്ന അര്‍ത്ഥത്തില്‍ പ്രവര്‍ത്തിക്കുന്നു. ആ പേരുള്ള മതത്തിന്റെ സ്വഭാവം എന്താണ്?

ഐക്യത്തിന്റെ ഏറ്റവും ഭാവബന്ധുരമായ, ചമത്കാരപൂര്‍ണമായ, ശബ്ദാവിഷ്‌കരണമുള്ളതു വേദത്തിലാണ്: ''യത്ര വിശ്വം ഭവത്യേകനീഡം'' - ലോകം ഒരു കൂട്ടിലെ കിളികളെപ്പോലെയാകുന്നിടം. വേദഭൂമിയില്‍ ജാതികള്‍ നാലായിരത്തില്‍പരം. ''തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍ ദൃഷ്ടിയില്‍പ്പെട്ടാലും ദോഷമുള്ളോര്‍....'' വേദത്തിന്റെ പൂര്‍വഭാഗം കര്‍മ്മവും ഉത്തരഭാഗം ജ്ഞാനവുമാണത്രേ. രണ്ടിന്റെയും താത്പര്യം തലനാരിഴ കീറി പരിശോധിച്ചു നിര്‍ണയിച്ചുവച്ചിട്ടുള്ള മീമാംസാഗ്രന്ഥങ്ങളുണ്ട്: പൂര്‍വമീമാംസയും ഉത്തരമീമാംസയും. രണ്ടിന്റെയും ഏറ്റവും രസകരമായ വിചാരസൗധം അപശൂദ്രാധികരണം എന്ന അധികാരചര്‍ച്ചയാണ്. രണ്ടിനും ശൂദ്രന് അധികാരമില്ല എന്നാണു നിര്‍ണയം. ത്രൈവര്‍ണികര്‍ എന്ന അധികാരിവര്‍ഗമോ, ഇന്‍ഡ്യ ''മതേതര''മായിരുന്നില്ലെങ്കില്‍ ന്യൂനപക്ഷാവകാശം കിട്ടാന്‍ അര്‍ഹരുമാണ്! എണ്‍പത്തഞ്ചുശതമാനം ജനങ്ങള്‍ക്കും അധികാരമില്ലാത്ത ഒന്നിനെയാണു നാം രാഷ്ട്രത്തിന്റെ പൈതൃകവും സംസ്‌കാരവുമായി കൊണ്ടാടുന്നത്! 

ജീവിതത്തിന്റെ ഗന്ധംപോലുമില്ലാത്ത വാക്കുകളാണു ജീവിതാദര്‍ശത്തിന്റെ അവസാനവാക്കായി നാം പേറിനടക്കുന്നത് - മതപരമോ മതേതരമോ ആയ ഭൗതികവാദത്തിന്റെ വിഴുപ്പുഭാണ്ഡം; വെറും കാപട്യം; പേരേതായാലും പ്രായോഗികദൃഷ്ടിയില്‍ പൊരുളില്ലാത്തത്; രൂപമെന്തായാലും ഭാവശുദ്ധി തൊട്ടുതീണ്ടാത്തത്. ഇതുകൊണ്ടു ശിഥിലീകരണമല്ലാതെ ഏകീകരണമുണ്ടാവില്ല; അധഃപതനവും നാശവുമല്ലാതെ അഭിവൃദ്ധിയും.

മാറ്റാനരുതാത്ത പ്രമാണങ്ങളാണു ജീവനാശകങ്ങളായ ഈ വാക്കുകള്‍. മാറ്റാന്‍ പാടില്ലാത്ത എന്തെങ്കിലുമൊന്നുള്ളിടത്ത് പുരോഗതിയെങ്ങനെയുണ്ടാകും? കെടുമതങ്ങളില്‍ കെട്ടിയിട്ടവര്‍ വമ്പിച്ച മുന്നേറ്റത്തിനുവേണ്ടി വാഗ്വാദം ചെയ്യുന്നു; ചക്കില്‍ പൂട്ടിയ കാളയെപ്പോലെ നിന്നേടത്തുതന്നെ കറങ്ങുകയും.

മുന്നേറണമെങ്കില്‍ ആദ്യം കെട്ടു പൊട്ടിക്കണം. എങ്ങോട്ടു വേണമെങ്കിലും ചലിക്കാന്‍ സ്വാതന്ത്ര്യം നേടണം. സ്വാതന്ത്ര്യമാണു താക്കോല്‍. ഭൂതകാലത്തില്‍നിന്നു സ്വാതന്ത്ര്യം; വര്‍ത്തമാനകാലത്തില്‍ സ്വാതന്ത്ര്യം; ഭാവിക്കുവേണ്ടി സ്വാതന്ത്ര്യം. മാമൂലുകളുടെയും മൂര്‍ഖവാദങ്ങളുടേയും അടിമയായിരിക്കാന്‍ സ്വാതന്ത്ര്യമുള്ളതില്‍ സന്തോഷിക്കുന്നവര്‍ക്കു ഭാവിയില്ല; വര്‍ത്തമാനവുമില്ല. സ്വാതന്ത്ര്യം സഹജമാണ്; അസ്വാതന്ത്ര്യം അടിച്ചേല്പിച്ചതും. സ്വജീവിതം അര്‍ത്ഥവത്താക്കാന്‍ മതിയായ സ്വാതന്ത്ര്യവും ശക്തിയും ജ്ഞാനവും ഏതു ജന്തുവിനുമുണ്ട്. മനുഷ്യന് ഇവ വകതിരിവോടെ ഉപയോഗിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അതില്‍പരം കഷ്ടമെന്താണുള്ളത്?

സാധുവായ ജീവിതവഴി ഒരു പുസ്തകത്തിലുമല്ല ഉള്ളത്. അത് ആത്മാവില്‍ അസന്ദിഗ്ധമായി രേഖപ്പെടുത്തിയിട്ടുണ്ട്. പുസ്തകവും ഗുരുവും മതവും 'പ്രത്യയശാസ്ത്ര' വും ഇല്ലാത്തതുകൊണ്ടാണ് ജീവിത്തെ ജീവിതാര്‍ഹമാക്കാന്‍ കഴിയുക; ഉള്ളതുകൊണ്ടല്ല. എല്ലാ വെളിച്ചങ്ങളുടെയും വെളിച്ചമായ സ്വബോധത്തില്‍നിന്നു വെളിച്ചം തേടാതെ എവിടെ തേടിയാലും കിട്ടുകയില്ല. സഹജാവബോധം കൊണ്ടു പരീക്ഷിച്ചു സാധുത്വവും അസാധുത്വവും തീരുമാനിക്കാതെ സ്വീകരിക്കുന്നതെന്തും ജീവനാശകമേയാകൂ. ഇതാണു 'ശാസ്ത്ര' ങ്ങളും ഗുരുപരമ്പരകളും മതങ്ങളും 'പ്രത്യയശാസ്ത്ര' ങ്ങളുമെല്ലാം വരുത്തിവച്ച വിന പഠിപ്പിക്കുന്ന പാഠം.

ഭാരതീയവിദ്യാപ്രതിഷ്ഠാനം

No comments:

Post a Comment