Saturday, 6 January 2024

ഭഗവത് ഗീത- CH 2 23 to 27

 BG -2-23

നൈനം ഛിന്ദന്തി ശസ്ത്രാണി നൈനം ദഹതിപാവകഃ.                                                                    

ന ചൈനം ക്ലേദയന്ത്യാപോ ന ശോഷയതി മാരുതഃ 

ശസ്ത്രാണി - ആയുധങ്ങൾ; ഏനം ന ഛിന്ദന്തി - ഈ ആത്മാവിനെ മുറിപ്പെടുത്തുന്നില്ല; പാവകഃ - അഗ്നി; ഏനം ന ദഹതി - ஊற ആത്മാവിനെ ദഹിപ്പിച്ചുകളയുന്നില്ല; ആപഃ - വെള്ളം; ഏനം ന ക്ലേദയന്തി - ഈ ആത്മാവിനെ നനച്ചുകളയുന്നില്ല; മാരുതഃ - കാറ്റ്; ന ശോഷയതി - ഉണക്കിക്കളയുന്നുമില്ല.

ആയുധങ്ങൾ ഈ ആത്മാവിനെ മുറിപ്പെടുത്തുന്നില്ല; അഗ്നി ഈ ആത്മാവിനെ ദഹിപ്പിച്ചുകളയുന്നില്ല; വെള്ളം ഈ ആത്മാവിനെ നനച്ചു കളയുന്നില്ല; കാറ്റ് ഉണക്കിക്കളയുന്നുമില്ല.

ഭീഷ്‌മാദികളിൽ വസ്‌തുസ്വരൂപമായി വിളങ്ങുന്ന ആത്മാവിനെ അർജുനന്റെ ആയുധങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുകയില്ല എന്നു മാത്രമല്ല ഈ ലോകത്തു നാശഹേതുകമായ ഒന്നിനും ആത്മാവിൽ പ്രവർത്തിക്കാൻ കഴിയുകയില്ല എന്നു ചുരുക്കം. നാശഹേതുക പദാർഥ ങ്ങളൊക്കെ ജഡങ്ങളാണ്. ചേതനയെ ആശ്രയിക്കുമ്പോഴേ അവയ്ക്കു ചലനസാമർഥ്യം പോലും ലഭിക്കുന്നുള്ളൂ. അങ്ങനെയുള്ള ജഡങ്ങൾ ചേതനയെ എന്തു ചെയ്യാനാണ്?

ഇരുപത്തിമൂന്നാം പദ്യത്തിന്റെ ആശയവും ആത്മസ്വരൂപവും ഒന്ന കൂടി ആവർത്തിച്ചുറപ്പിക്കുകയാണു ഭഗവാൻ ഇരുപത്തിനാലാം പദപ്ര ത്തിൽ. ആശയാവർത്തനം കൊണ്ടല്ലാതെ ആത്മതത്വം ബുദ്ധിക്ക- തെളിയുകയില്ല.

BG 2-24

അച്ഛേദ്യോ യമദാഹോജയമക്ലേദ്യോഗ ശോഷ്യ ഏവ ച നിത്യഃ സർവഗതഃ സ്ഥാണുരചലോയം സനാതനഃ

അയം അച്ഛേദ്യഃ - ഈ ആത്മാവ് മുറിക്കപ്പെടാവുന്നവനല്ല; അയം അദാ ഹ്യഃ അക്ലേദ്യഃ അശോഷ്യഃ ഏവ ച - ഇവൻ ദഹിപ്പിക്കപ്പെടാ വുന്നവനല്ല, നനയ്ക്കപ്പെടാവുന്നവനല്ല, ഉണക്കപ്പെടാവുന്നവനല്ല, നിശ്ചയം; അയം നിത്യഃ സർവഗതഃ സ്ഥാണുഃ അചലഃ സനാതനഃ - ഈ ആത്മാവ് നിത്യനും സർവത്ര നിറഞ്ഞു നിൽക്കുന്നവനും സ്ഥിരനും ചലനമില്ലാത്തവനും സദാ ഉള്ളവനും ആകുന്നു.

ഈ ആത്മാവ് മുറിക്കപ്പെടാവുന്നവനല്ല, ദഹിപ്പിക്കപ്പെടാവുന്നവ നല്ല, നനയ്ക്കപ്പെടാവുന്നവനല്ല, ഉണക്കപ്പെടാവുന്നവനല്ല, നിശ്ചയം; ഈ ആത്മാവ് നിത്യനും നിറഞ്ഞു നിൽക്കുന്നവനും സ്ഥിരനും ചലന മില്ലാത്തവനും സദാ ഉള്ളവനുമാണ്.

ആത്മസ്ഥിതി

ആത്മാവ് നിത്യനാണ്. അതായതു കാലം കൊണ്ടവസാനിക്കുന്ന വനല്ല, സർവഗതനാണ്, അതായത് ദേശം കൊണ്ടവസാനിക്കുന്നവന ല്ല. അതുകൊണ്ടുതന്നെ സ്ഥാണുവാണ്; അതായത് മറ്റൊരു നിമി ത്തംകൊണ്ടും അവസാനിക്കുന്നവനല്ല. കാലദേശനിമിത്തങ്ങൾക്കപ്പു റമാണ് ആത്മസ്ഥിതി. കാലദേശനിമിത്തങ്ങൾക്കപ്പുറമായതുകൊണ്ട് നിർവികാരനാണ്. അതാണചലത്വം. സദാ ഉണ്മയോടുകൂടിയവനാണ് സനാതനൻ; ഇപ്പറഞ്ഞ നിലയിൽ ഒരു വസ്‌തുവുണ്ടെന്നു വന്നാൽപ്പിന്നെ അതല്ലാതെ രണ്ടാമതൊന്നുണ്ടെന്നോ അതിൽ നിന്നെന്തെങ്കിലും ഒന്നുണ്ടാകുമെന്നോ കരുതാൻ വയ്യ. അതുകൊണ്ട് അന്തിമവിശകലന ത്തിൽ ജഡദൃശ്യങ്ങൾ മരുഭൂമിയിലെ വെള്ളം പോലെ ആത്മാവിൽ വെറുതെ ഉണ്ടെന്നു തോന്നുന്നവയാണെന്നേ കരുതാൻ പാടുള്ളൂ. മണ്ണിൽ പാത്രരൂപങ്ങൾപോലെയോ വെള്ളത്തിൽ കുമിളകൾപോ ലെയോ ബോധത്തിൽ രൂപംകൊള്ളുന്നവയാണു ജഡശരീരങ്ങൾ എന്നുപോലും കരുതിക്കൂടാ. മണ്ണ് പലതായി ഛേദിക്കപ്പെട്ടിട്ടാണ് പാത്ര രൂപങ്ങൾ കൈക്കൊള്ളുന്നത്. അച്‌ഛേദ്യനായ ആത്മാവിൽ അതു സാധ്യമല്ലല്ലോ. വെള്ളം ചലിച്ചിട്ടാണ് കുമിളകളുടെ രൂപം കൈക്കൊ ള്ളുന്നത്. അചലനായ ആത്മാവിൽ അതും വയ്യല്ലോ. ആത്മസ്വരൂപ ത്തിനു ചലനമോ വികാരമോ ഒന്നും സംഭവിക്കാതെ അതിലുണ്ടെന്നു തോന്നുന്ന കാഴ്‌ചകളാണു ജഡരൂപങ്ങൾ; മരുഭൂമിയിൽ വെള്ളം തോന്നുംപോലെ, പാത്രങ്ങൾ മണ്ണിൻ്റെയും കുമിളകൾ വെള്ളത്തി ന്റെയും പരിണാമമാണ്. ജഡമാകട്ടെ ബോധപരിണാമമല്ല; ബോധ വിവർത്തമാണെന്നു താൽപ്പര്യം. കാരണത്തിൽ ചലനമോ വികാരമോ സംഭവിക്കാതെ ഉണ്ടെന്നു തോന്നുന്ന കാര്യമാണു വിവർത്തം. ജഡരൂപ ങ്ങളുടെ ഉൽപ്പത്തി വിവരിക്കുമ്പോൾ പാത്രങ്ങളുടെയും കുമിളകളു ടെയും മറ്റും ദൃഷ്ട‌ാന്തങ്ങൾ നൽകുന്നുണ്ട്. കാരണവും കാര്യവും രണ്ട ല്ലെന്നുള്ള ആശയം വ്യക്തമാക്കാൻ വേണ്ടി അങ്ങനെ ചെയ്യുന്നുവെ ന്നേയുള്ളൂ.

സർവഗതമായി സദാ ഉള്ളതായി ഇങ്ങനെയൊരു സത്യവ സ്തുവുണ്ടെങ്കിൽ എല്ലാവർക്കും എന്തുകൊണ്ടനുഭവപ്പെടുന്നില്ല? ഈ ചോദ്യത്തിനു മറുപടിയാണടുത്ത പദ്യം.


BG 2-25

അവ്യക്തോയമചിന്ത്യോ യമവികാര്യോ യമുച്യതേ തസ്മാദേവം വിദിതൈ്വനം നാനുശോചിതുമർഹസി

അയം അവ്യക്തഃ - ഈ ആത്മാവ് ഇന്ദ്രിയങ്ങൾകൊണ്ടു കണ്ട ത്താവുന്നവിധം വ്യക്തമായ രൂപത്തോടുകൂടിയവനുമല്ല; അയം അചിന്ത്യഃ - ഈ ആത്മാവ് മനസ്സുകൊണ്ട് ചിന്തിച്ചറിയാവുന്നവ നുമല്ല; അയം അവികാര്യഃ ഉച്യതേ - ഈ ആത്മാവ് രൂപഭേദങ്ങ ളൊന്നുമില്ലാതെ എന്നും ഒരുപോലെ വർത്തിക്കുന്നവനാണെന്നു പറയപ്പെടുന്നു; തസ്‌മാത് - അതുകൊണ്ട്; ഏനം ഏവം വിദ്വിതാ - ഈ ആത്മാവിനെ ഇപ്രകാരം ധരിച്ച്; അനുശോചിതും ന അർ ഹസി - ദുഃഖിക്കാൻ പാടില്ലാത്തതാകുന്നു.

ഈ ആത്മാവ് ഇന്ദ്രിയങ്ങൾകൊണ്ടു കണ്ടെത്താവുന്ന വിധം വ്യക്തമായ രൂപത്തോടു കൂടിയവനല്ല; ഈ ആത്മാവ് മനസ്സുകൊണ്ടു ചിന്തിച്ചറിയാവുന്നവനുമല്ല. ഈ ആത്മാവ് രൂപഭേദങ്ങളൊന്നുമില്ലാതെ എന്നും ഒരുപോലെ വർത്തിക്കുന്നവനാണെന്നു പറയപ്പെടുന്നു. അതു കൊണ്ട് ഈ ആത്മാവിനെ ഇപ്രകാരം ധരിച്ച് ദുഃഖിക്കാൻ പാടില്ലാത്ത താകുന്നു.

നാനുശോചിതുമർഹസി

ബോധരൂപനായ ആത്മാവിൻ്റെ സഹായത്തോടെ പ്രവർത്തിക്കുന്ന വെറും ജഡോപകരണങ്ങളാണ് ഇന്ദ്രിയങ്ങളും മനസ്സും. ഇവയ്ക്ക് ആശ്രയമായ ബോധത്തെ തിരിഞ്ഞുനോക്കി കാണാൻ കഴിയുകയില്ലെ ന്നുള്ളതു സ്വാഭാവികമാണല്ലോ. ബോധം എന്നും രൂപം മാറാത്ത വസ്തു വായതുകൊണ്ടു രൂപം മാറിവരുമ്പോൾ എന്നെങ്കിലും കാണാം എന്നു കരുതാനും വയ്യ. ഉണ്മ അനുഭവമായിട്ടുള്ള ബോധത്തെ അറിയാൻ സ്വയം അതിനു മാത്രമേ കഴിയൂ. ജഡാനുഭവങ്ങളെ അകറ്റിയാൽ ആർക്കും സ്വസ്വരൂപമായി ബോധാനുഭവമുണ്ടാകും. അതുവരെ അത് അവ്യക്തവും അചിന്ത്യവുമാണ്. ഏതായാലും സത്യദർശികളുടെ ഈ ആത്മാനുഭവ ത്തിന്റെ വെളിച്ചത്തിൽ ഭീഷ്മാദികളെക്കുറിച്ചുള്ള ദുഃഖം ഒരിക്കലും ആശാസ്യമല്ലെന്നാണു ഭഗവാൻ അർജുനനെ ഉപദേശിക്കുന്നത്.

ബോധവസ്തുവിൻ്റെ പ്രത്യക്ഷാനുഭവം ജഡമതികൾക്ക് അസാധ്യ മാണെങ്കിലും ശുഭവാസനകൾ വളർത്തി ദൈവീസമ്പന്നനായിത്തീർന്ന ഒരാൾക്കു വസ്തുസ്വരൂപം വിവരിച്ചു കേട്ടാൽ സിദ്ധാന്തപരമായി ഗ്രഹി ക്കാൻ വിഷമമുണ്ടാവുകയില്ല. സിദ്ധാന്തപരമായി വസ്‌തുഗ്രഹണം സാധ്യ മായാൽ പിന്നെ അതിൻ്റെ പ്രത്യക്ഷാനുഭവം ലക്ഷ്യമാക്കിക്കൊണ്ടു നിർഭയനായി അവനവൻ്റെ കർമമണ്ഡലത്തിൽ ചരിക്കുകയും ചെയ്യാം. ഈ ജീവിത രഹസ്യം ധരിച്ചുകൊണ്ടാണു ഭഗവാൻ കർത്തവ്യവിമൂഢ നായി ശോകാതുരനായ അർജുനന് നിലനിൽപ്പിലെ വസ്തുസ്ഥിതി വിവരിച്ചുകൊടുത്തത്. കർമപഥത്തിൽ സർവഥാ ശോകം ഒഴിവാക്കു കയാണ് ഈ വസ്തുവിവരണത്തിൻ്റെ തൽക്കാല ലക്ഷ്യം. ശോകം മാറുന്ന മനസ്സിനു വസ്‌തുവിനെ എളുപ്പം സ്വാനുഭവപ്പെടുത്താൻ കഴിയും. ഇതറിയുന്ന ഭഗവാൻ താൻ നൽകിയ വസ്തു‌വിവരണത്തിൽ പൂർണ ബോധ്യം വന്നില്ലെങ്കിൽപ്പോലും ഏതു വീക്ഷണഗതിയിൽ പരിശോധി ച്ചാലും ശോകം നിഷ്പ്രയോജനമെന്നു തെളിയുമെന്നാണ് ഇനി അർജു നനോടു യുക്തിയുക്തം വാദിക്കുന്നത്. ആത്മവാദം കൈവെടിഞ്ഞാൽ പിന്നെ ശേഷിക്കുന്നതു ജഡവാദം അഥവാ ഭൗതികവാദമാണ്. ഭൗതിക വാദദൃഷ്ടിയിലും ശോകത്തിനു പ്രസക്തിയില്ലെന്നാണ് അടുത്ത നാലു പദ്യങ്ങൾ കൊണ്ടു വിവരിക്കുന്നത്.

BG 2-26

അഥ ചൈനം നിത്യജാതം നിത്യം വാ മന്യസേ മൃതം തഥാപി ത്വം മഹാബാഹോ നൈവം ശോചിതുമർഹസി

അഥ ച -ഇനിയും; ഏനം - ഈ ജീവനെ; നിത്യജാതം നിത്യം മൃതം വാ മന്യസേ - എന്നും ജനിച്ചും എന്നും മരിച്ചും വർത്തി ക്കുന്ന ഒന്നാണ് എന്നു കരുതിയാലും; തഥാ അപി - എന്നിരുന്നാലും, മഹാബാഹോ അല്ലയോ വീരനായ അർജുന; ത്വം ഏവം ശോചിതും ന അർഹസി - നീ ഇപ്രകാരം ശോകിക്കാൻ പാടില്ലല്ലോ.

ഇനിയും ഈ ജീവനെ എന്നും ജനിച്ചും എന്നും മരിച്ചും വർത്തി ക്കുന്ന ഒന്നാണെന്നു കരുതിയാലും അല്ലയോ വീരനായ അർജുന, നീ ഇപ്രകാരം ശോകിക്കാൻ പാടില്ലല്ലോ.

നൈവം ശോചിതുമർഹസി

അന്വേഷണത്തിൻ്റെ പ്രാരംഭഘട്ടത്തിൽ ബോധം, ജഡം എന്നു വസ്തു രണ്ടായിത്തിരിയുന്നതായി നാം കണ്ടല്ലോ. ഇതിൽ ബോധം മാത്രമാണ് സർവാശ്രയവും സ്വതന്ത്രവുമായ വസ്‌തുവെന്ന് കൂടുതൽ അന്വേഷിക്കുന്നവർക്കു യുക്തിക്കും അനുഭവത്തിനും തെളിഞ്ഞുകിട്ടും. പക്ഷേ അവരവരിൽത്തന്നെയുള്ള ബോധത്തെ മറ മാറ്റിക്കാണാൻ കഴി വില്ലാത്ത മന്ദബുദ്ധികൾ നിലനിൽപ്പിൻ്റെ ഉപരിതലത്തെ മാത്രം നോക്കി ക്കണ്ടിട്ടു പൊടുന്നനെ പുറപ്പെടുവിക്കുന്ന വാദമാണ് ജഡവാദം അഥവാ ഭൗതികവാദം. അവരുടെ അഭിപ്രായത്തിൽ ജീവൻ ജഡപദാർഥങ്ങളുടെ സങ്കലനംകൊണ്ട് തൽക്കാലമുണ്ടാകുന്ന ഒരു പ്രതിഭാസം മാത്രമാണ്. എന്നാൽ ജഡപദാർഥങ്ങൾക്ക് ഉണ്മയോ സങ്കലനമോ സംഭവിക്കണ മെങ്കിൽപ്പോലും ബോധത്തിൻ്റെ പിൻബലം വേണമെന്ന യാഥാർഥ്യം ഇക്കൂട്ടർ വിസ്മരിക്കുന്നു. അതെന്തുമാകട്ടെ; ജഡവാദികളുടെ പക്ഷ ത്തിൽ ജഡപദാർഥങ്ങളെപ്പോലെതന്നെ ജീവനും നിരന്തര പരിണാമി യാണ്. ഈ നിരന്തരപരിണാമിത്വം കാണിക്കാനാണ് ഭഗവാൻ 'നിത്യ ജാതം', 'നിത്യംമൃതം' എന്നു പറഞ്ഞിരിക്കുന്നത്. പ്രത്യക്ഷത്തിലുള്ള ജനനമരണങ്ങൾ പരിണാമഗതിയിലെ നിരന്തര ജനനമരണങ്ങളുടെ ചില ഘട്ടങ്ങൾ മാത്രമാണെന്നു കാണാൻ പ്രയാസമില്ലല്ലോ. എല്ലാ ഭൗതി കപദാർഥങ്ങളും നിരന്തരം പരിണമിച്ചുകൊണ്ടിരിക്കുന്നു. അതായത് ഈ നിമിഷത്തെ രൂപംമാറി അടുത്ത നിമിഷം മറ്റൊരു രൂപം കൈക്കൊ ള്ളുന്നു. ഇതുതന്നെയാണു നിത്യജനനവും നിത്യമരണവും. ജീവൻ ഒരു ഭൗതിക പ്രതിഭാസമാണെങ്കിൽ അതിൻ്റെയും സ്വഭാവം നിത്യജന നവും നിത്യമരണവുമാകാതെ തരമില്ല. ഇതാർക്കും മാറ്റിമറിക്കാനും കഴികയില്ല. ഭീഷ്മാദികളുടെയും മാറ്റാൻ കഴിയാത്ത സ്ഥിതി നിത്യജ നനവും നിത്യമരണവുമാണെങ്കിൽ അവരുടെ മരണത്തെക്കുറിച്ച് അർജു നൻ ശോകാതുരനായിട്ടു കാര്യമില്ലല്ലോ എന്നാണു ഭഗവാൻ വാദം.

ഭീഷ്മാദികൾ നിത്യജാതന്മാരും നിത്യമൃതന്മാരുമായിക്കൊള്ളട്ടെ. എങ്കിലും അവരുടെ മരണത്തിനു ഞാൻ കാരണക്കാരനായിത്തീര ണമോ എന്ന സംശയം അർജുനനുണ്ടാകും. അതിനു മറുപടിയാണ് ഇരുപത്തേഴാം പദ്യം.


BG 2-27

ജാതസ്യ ഹി ധ്രുവോ മൃത്യുർധ്രുവം ജന്മ മൃതസ്യ ച തസ്മാദപരിഹാര്യേfർഥേ ന ത്വം ശോചിതുമർഹസി

ഹി - എന്തെന്നാൽ; ജാതസ്യ മൃത്യുഃ ധ്രുവഃ - ജനിച്ചവനു മരണം നിശ്ചയമാണ്; മൃതസ്യ ജന്മ ച ധ്രുവം - മരിച്ചവനു ജനനവും നിശ്ചയമാണ്; തസ്‌മാത്‌ അപരിഹാര്യേ അർഥേ - അതുകൊണ്ടു പരിഹാരമില്ലാത്ത കാര്യത്തിൽ; ത്വം ശോചിതും ന അർഹസി നീ ദുഃഖിക്കാൻ പാടില്ല.

എന്തെന്നാൽ ജനിച്ചവനു മരണം നിശ്ചയമാണ്. മരിച്ചവനു ജന നവും നിശ്ചയമാണ്. അതുകൊണ്ടു പരിഹാരമില്ലാത്ത കാര്യത്തിൽ നീ ദുഃഖിക്കാൻ പാടില്ല.

ജനനവും മരണവും

ഭൗതികജീവിതമെന്ന ഒരേ നാണയത്തിൻ്റെ രണ്ടു വശങ്ങളാണുജനനവും മരണവും. ഭൗതിക പ്രപഞ്ചത്തിൽപ്പോലും ആത്യന്തികമായവസ്തുനാശം ഒരിടത്തും സംഭവിക്കുന്നില്ല. എവിടെയും രൂപപരിണാമംമാത്രമേ സംഭവിക്കുന്നുള്ളൂ. എന്തും തൽക്കാലരൂപം മാറ്റിയാൽ അത്മറ്റൊരു രൂപം കൈക്കൊള്ളുക തന്നെ ചെയ്യും. തൽക്കാലരൂപം മാറുന്നതു മരണം. പുതിയ രൂപം കൈക്കൊള്ളുന്നതു ജനനം. ലോകത്തുള്ള ജഡരൂപം പാടേ മാറിയാൽ അതു എനർജിയുടെ രൂപം കൈക്കൊള്ളും;എനർജി രൂപം മാറിയാൽ ജഡരൂപം പ്രത്യക്ഷപ്പെടും. ഇവിടെ ജഡം മരിച്ചുവെന്നോ എനർജി ജനിച്ചുവെന്നോ ഒക്കെ വ്യവഹരിക്കാവുന്നതാണ്. സത്യമാലോചിച്ചാൽ ഒന്നും മരിക്കുന്നില്ല ഒന്നും ജനിക്കുന്നുമില്ല. ഒരേ വസ്തു വിവിധ രൂപങ്ങൾ പ്രകടമാക്കുന്നു, മറയ്ക്കുന്നു.ഒരു നടൻ വിവിധ വേഷങ്ങൾ കെട്ടുകയും അഴിക്കുകയും ചെയ്യുന്നതുപോലെ. എന്തായാലും ഒരു രൂപം മാറാതെ മറ്റൊരു രൂപം ആവിർഭവിക്കുകയോ പുതിയ രൂപം ആവിർഭവിക്കാതെ പൂർവരൂപം മാറുകയോ ചെയ്യുകയില്ല. ഭൗതിക ജഗത്തിലെ അലംഘനീയ നിയമമാണിത്; മരിക്കുന്നതു ജനിക്കും ജനിക്കുന്നതു മരിക്കുകയും ചെയ്യും. പുനർജന്മ വാദത്തെ നിഷേധിക്കുന്ന മന്ദബുദ്ധികൾ അതിൻ്റെ ശാസ്ത്രീയമായ അടിത്തറ ഭൗതികപ്രപഞ്ചത്തിലെ ഈ അനിഷേധ്യ നിയമമാണെ ന്നോർക്കണം. അപ്പോൾ ഭീഷ്‌മാദികൾ ജനിച്ചവരാണെങ്കിൽ അവർക്കു മരിച്ചേ തീരൂ. അർജുനൻ കൊന്നില്ലെങ്കിലും അവർ മരിക്കും. അവരുടെ മരണം പാടേ ഒഴിവാക്കാൻ അർജുനനു സാധ്യമേയല്ല. അപരിഹാര്യ മായ മരണം അവർക്കു സംഭവിക്കുമെന്നിരിക്കെ അതിൽ മമതാബദ്ധ നായി ദുഃഖിച്ചു സ്വധർമാനുഷ്‌ഠാനത്തിൽ നിന്നും പിന്മാറി സമൂഹ ത്തിനും തനിക്കും പതനം വരുത്തുകയാണോ നല്ലതെന്നാലോചിക്കാ നാണ് അർജുനനോടു ഭഗവാൻ ആവശ്യപ്പെടുന്നത്.

മേൽപ്പറഞ്ഞ ഭൗതികനിയമങ്ങളൊക്കെ ശരിതന്നെ. എങ്കിലും തൽക്കാലം ഭീഷ്‌മാദികൾ എൻ്റെ കൈകൊണ്ടു മരിക്കുന്നതു ഞാൻ കാണേണ്ടിവരുമല്ലോ എന്നിങ്ങനെ അർജുനനു തോന്നാവുന്ന സംശ യത്തിനാണു ഭഗവാൻ തുടർന്നു മറുപടി പറയുന്നത്:

No comments:

Post a Comment