സംഖ്യയോഗം
BG 2-40
വാസനബദ്ധരായി കർമമാർഗത്തിൽ അവശതയോടെ യാത്ര ചെയ്യുന്നവർക്കു മനസ്സിൻ്റെ സമനില അഭ്യസിക്കലെന്ന യോഗപരി ശീലനം അൽഭുതകരമായ ഫലമുളവാക്കുമെന്നു കാട്ടി യോഗത്തെ സ്‌തുതിക്കുകയാണു ഭഗവാൻ അടുത്ത ശ്ലോകത്തിൽ:
നേഹാഭിക്രമനാശോ സ്‌തി പ്രത്യവായോ ന വിദ്യതേ സ്വൽപ്പമപ്യസ്യ ധർമസ്യ ത്രായതേ മഹതോ ഭയാത്
ഇഹ - ഈ യോഗം അഭ്യസിച്ചുകൊണ്ടുള്ള സ്വധർമാനുഷ്‌ഠാന ത്തിൽ; അഭിക്രമനാശഃ - തുടങ്ങിവച്ചതിന്റെ ക്രമത്തിനു നാശം; ന അസി സംഭവിക്കുന്നില്ല; പ്രത്യവായഃ ദോഷകരമായ അനന്തരഫലവുംന വിദ്യതേ - ഉണ്ടാകുന്നില്ല; അസ്യധർമസ്യ സ്വൽപ്പമപി - ഈ യോഗബുദ്ധിയുടെ സ്വൽപ്പംപോലും, മഹതഃ ഭയാത് ത്രായതേ വലിയ ഭയത്തിൽനിന്നു രക്ഷിക്കുന്നതാണ്.
ഈ യോഗം അഭ്യസിച്ചുകൊണ്ടുള്ള സ്വധർമാനുഷ്‌ഠാനത്തിൽ തുടങ്ങിവച്ചതിന്റെ ക്രമത്തിനു നാശം സംഭവിക്കുന്നില്ല. ദോഷകരമായ അനന്തരഫലവും ഉണ്ടാകുന്നില്ല. ഈ യോഗബുദ്ധിയുടെ സ്വൽപ്പം പോലും മഹത്തായ ഭയത്തിൽ നിന്നു രക്ഷിക്കുന്നതാണ്.
മനസ്സിന്റെ സമനില
ജ്ഞാനയോഗമായാലും കർമയോഗമായാലും മനസ്സിൻ്റെ സമനില അഭ്യസിക്കലാണു പ്രധാന കാര്യം. തത്വവിചാരംകൊണ്ടു സമനില നേടുന്നതു ജ്ഞാനയോഗം. ലൗകിക കർമങ്ങളിൽ മുഴുകിയിരിക്കവേ സമനില ശീലിക്കുന്നതു കർമയോഗം. ഉപായമെന്തുതന്നെയായാലും മനസ്സിനെ സമനിലയോടടുപ്പിക്കുന്നതൊക്കെ യോഗമായി കരുതാം. അതുകൊണ്ടാണല്ലോ ഗീതയിലെ എല്ലാ അധ്യായങ്ങൾക്കും യോഗ ശബ്ദത്തിലവസാനിക്കുന്ന പേരുകൾ നൽകിയിരിക്കുന്നത്. ആ നില യിൽ ദൈവീസമ്പന്നനായ അർജുനൻ്റെ യുദ്ധരംഗത്തെ വിഷാദംപോലും സമനിലയോടടുപ്പിക്കുന്നതായതുകൊണ്ടു യോഗമാണ്. ഒന്നാമധ്യായം അർജുനവിഷാദമാണല്ലോ. ഈ യോഗം ഒരാൾ എത്രത്തോളം അഭ്യ സിച്ചുവോ അത്രത്തോളം ഒരു കാരണവശാലും നഷ്‌ടപ്പെടുന്നില്ല. കൃഷി, കച്ചവടം തുടങ്ങിയ ലൗകിക യത്നങ്ങളിൽ നേടിയതു നഷ്ടപ്പെട്ടു പോയി എന്നു വരാം. മനസ്സിൻ്റെ സമനില നേടിയിടത്തോളം മരണം കൊണ്ടുപോലും നഷ്‌ടപ്പെടുകയില്ല. അടുത്ത ജന്മത്തിൽ പിന്നെ അവ ശേഷിക്കുന്നതു നേടിയാൽ മതി. അതുപോലെ ചികിത്സയിലും മറ്റും ചില മരുന്നുകൾ സേവിച്ചാൽ രോഗം മാറിയാൽപ്പോലും ദോഷകരങ്ങ ളായ മറ്റു പ്രത്യാഘാതങ്ങൾ ഉണ്ടായെന്നു വരാം. യോഗ പരിശീലന ത്തിൽ അത്തരം ഭയത്തിനും സ്ഥാനമില്ല. ക്ലേശകരമായ ഭയരോഗത്തിന് ഈ മരുന്ന് അൽപ്പം സേവിച്ചാൽപ്പോലും ഒട്ടേറെ ഭയം മാറിക്കിട്ടുന്ന താണ്. മനസ്സിന്റെ്റെ ക്ഷോഭമാണു സംസാരരോഗത്തിന്റെ പ്രധാന നിദാനം. അതിനുള്ള ഒരേയൊരു ചികിത്സ സമനില ശീലിക്കുകയെന്ന യോഗ പരിശീലനവും.
സമനില ശീലിക്കലെന്ന യോഗപരിശീലനത്തിൻ്റെ പരമരഹസ്യ മാണു ഭഗവാൻ അടുത്ത പദ്യത്തിൽ അർജുനനു വെളിപ്പെടുത്തിക്കൊ ടുക്കുന്നത്:
BG 2-41
വ്യവസായാത്മികാ ബുദ്ധിരേകേഹ കുരുനന്ദന ബഹുശാഖാ ഹ്യനന്താശ്ച ബുദ്ധയോഗ വ്യവസായിനാം
കുരുനന്ദന - അല്ലയോ കുരുവംശജനായ അർജുനാ, ഇഹ - ഈ ലോകത്തിൽ; വ്യവസായാത്മികാ ബുദ്ധി - നിശ്ചയബുദ്ധി; ഏകാ ഒന്നേയുള്ളു; അവ്യവസായിനാം - നിശ്ചയത്തിൽ എത്തിച്ചേർ ന്നിട്ടില്ലാത്തവരുടെ ബുദ്ധയഃ - ബുദ്ധികൾ; ബഹുശാഖഃ അനന്താഃ ച ഹി - അനേകവഴിക്കു തിരിയുന്നവയും അന്തമില്ലാത്തവയും തന്നെയാണ്.
അല്ലയോ കുരുവംശജനായ അർജുനാ, ഈ ലോകത്തിൽ നിശ്ച യബുദ്ധി ഒന്നേയുള്ളൂ. നിശ്ചയത്തിൽ എത്തിച്ചേർന്നിട്ടില്ലാത്തവരുടെ ബുദ്ധി അനേകവഴിക്കു തിരിയുന്നവയും അന്തമില്ലാത്തവയും തന്നെ.
നിശ്ചയബുദ്ധി ഒന്നേയുള്ളു
സത്യബുദ്ധികളായിരുന്ന കുരുരാജാക്കന്മാരെ പലരെയും ഓർമി പ്പിക്കുന്നതാണ് 'കുരുനന്ദന' എന്ന സംബോധന. മനസ്സിൻ്റെ സമനില ശീലിക്കലെന്ന യോഗം അഭ്യസിക്കാൻ കൊതിക്കുന്നയാൾ ആദ്യമായി പ്രപഞ്ചത്തിന്റെ പരമ കാരണമായി വർത്തിക്കുന്ന വസ്‌തുസ്വരൂപം ഗ്രഹിക്കണം. തുടർന്നു കാര്യരൂപത്തിൽ കാണപ്പെടുന്ന സകല കാഴ്ച്ച കളിലും ആ വസ്‌തുസ്വരൂപമാണുള്ളതെന്നു മനസ്സിനെ പഠിപ്പിക്കണം. പ്രപഞ്ചത്തിന്റെ പരമകാരണം അഖണ്ഡബോധാനന്ദസ്വരൂപമായ ബ്രഹ്മ മാണെന്നു സംശയമെന്യേ തെളിഞ്ഞിട്ടുണ്ട്. ഇക്കാര്യം കേട്ടുവിചാരം ചെയ്‌തറിഞ്ഞ് എല്ലാ ആഴ്‌ചകളിലും വസ്‌തു, ബ്രഹ്മമാണെന്നു മന സ്സിനെ പഠിപ്പിക്കണം. ഈ ബ്രഹ്മബുദ്ധി തന്നെയാണു നിശ്ചയാത്മിക യായ ഒരേ ഒരു ബുദ്ധി. എന്തുകണ്ടാലും ബ്രഹ്മമാണ് എന്ന ഏക ബുദ്ധിക്കു മാറ്റമില്ല. എല്ലാ ഭേദഭാവനകളും അകന്ന് ഈ ബ്രഹ്മബുദ്ധി പൂർണമായി അനുഭവിച്ചറിയുകയാണു ജീവിതലക്ഷ്യമെന്ന് ഇതോടെ ഉറപ്പു വരുന്നു. വസ്‌തുസ്വരൂപം വെളിപ്പെടുത്തി നിശ്ചയാത്മികമായ ഏകബുദ്ധി ഉറപ്പിക്കുകയാണ് വേദത്തിലെ ജ്ഞാനകാണ്ഡമെന്നറിയ പ്പെടുന്ന ഉപനിഷത് ഭാഗം ചെയ്യുന്നത്. വസ്‌തു ഒന്നേയുള്ളുവെന്നു വിചാരം ചെയ്‌തറിയണമെന്നും പലതു കാണുന്നവൻ മരണത്തിൽ നിന്നു മരണത്തിലേക്കു പായേണ്ടിവരുമെന്നും ഉപനിഷത്ത് ആവർ ത്തിച്ചു പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഉപനിഷദ്വാക്യം ചെവിക്കൊള്ളാൻ മടി ക്കുന്നവർ ഇവിടെ പലരുണ്ട്, ലക്ഷ്യങ്ങളും അനേകമുണ്ട്. ഈ ലോക ത്തുതന്നെ പണം, പ്രശസ്‌തി, സ്ഥാനമാനങ്ങൾ, അധികാരം ഇങ്ങനെ ലക്ഷ്യങ്ങളനേകമാണ്. ഒരു ലക്ഷ്യം നേടിക്കഴിഞ്ഞാൽ പുതിയ ലക്ഷ്യ ങ്ങൾ പലതും മുമ്പിലോടിയെത്തുന്നു. ഇതൊക്കെ നേടിക്കഴിഞ്ഞാൽ ത്തന്നെ പരലോകമായ സ്വർഗത്തിൽ കൽപ്പവൃക്ഷം, കാമധേനു, അപ്സ രസുകൾ ഇങ്ങനെ പലതുമുണ്ടെന്നു കേൾപ്പാനുണ്ട്. എന്തു നേടിയാലും തൃപ്തി ഒട്ടുണ്ടാകുന്നില്ല. കാഴ്‌ചകളും ലക്ഷ്യങ്ങളും പലതാണ്; അവ സാനം കാണാനുമില്ല. ഇതാണ് നിശ്ചയത്തിലെത്തിച്ചേർന്നിട്ടില്ലാത്ത വരുടെ അനേകം വഴിക്കു തിരിയുന്ന അന്തമില്ലാത്ത ബുദ്ധികൾ. അത്തരം ബുദ്ധികളുടെ സ്വഭാവങ്ങളാണ് അസംതൃപ്‌തി, സംശയം,സംഭ്രമം എന്നിവ. ഇങ്ങനെയുള്ള അവ്യവസായ ബുദ്ധികളെ അൽപ്പ മൊന്നു നിയമബദ്ധരാക്കാനുള്ള ശ്രമമാണു കർമകാണ്ഡവേദഭാഗത്തിലു ള്ളത്. ദേവസങ്കൽപ്പങ്ങൾ ഉൾക്കൊള്ളാനും യാഗങ്ങളും ഉപാസനകളും അനുഷ്ഠിക്കാനും കർമകാണ്ഡവേദഭാഗം നിർദേശിക്കുന്നു. എന്നാൽ ഈ വേദഭാഗം തന്നെ ശാഖോപശാഖയായി പിരിഞ്ഞു പലർക്കും പല ലക്ഷ്യങ്ങളും പ്രവർത്തനമാർഗങ്ങളുമാണു നിർദേശിച്ചിട്ടുള്ളത്. കർമ കാണ്ഡം കാലദേശങ്ങൾക്കനുസരിച്ച് എന്നും മാറിക്കൊണ്ടുമിരിക്കും. അതുകൊണ്ടു കർമകാണ്ഡവേദഭാഗത്തേയോ കേവല ഭൗതിക മാർഗ ത്തേയോ അംഗീകരിക്കുന്നവർക്കു മനസ്സിൻ്റെ സമനില ശീലിക്കുക അസാധ്യമാണ്. ഒന്നിൽ ഉറപ്പായി ഊന്നിനിൽക്കാൻ കഴിവുള്ള ബുദ്ധിക്കേ സമനില സാധിക്കൂ. പലതായി പിരിഞ്ഞ് ഓടിനടക്കുന്ന ബുദ്ധിക്ക് സമനില എങ്ങനെ സാധ്യമാകും? അതുകൊണ്ടു സത്യസ്വരൂപത്തിൽ ബുദ്ധിയെ ഉറപ്പിച്ചു ലക്ഷ്യത്തിൽ ഊന്നിനിന്നുകൊണ്ട് യോഗപരിശീല നത്തോടെ സ്വധർമമനുഷ്ഠിക്കാനാണു ഭഗവാൻ അർജുനനോടു പറയു ന്നത്. ഒന്നിലൂന്നി ഉറയ്ക്കുന്ന ബുദ്ധി ഏകാഗ്രതയിൽ അസാധാരണ മായ ആനന്ദവും ശാന്തിയും കണ്ടെത്തും.
പക്ഷേ, ലോകത്ത് കർമകാണ്ഡവേദഭാഗങ്ങളിലും കേവല ഭൗതിക ചിന്തകളിലും മുഴുകിക്കഴിയുന്നവരെയാണല്ലോ അധികവും കാണ്മാനുള്ളത്. അവർ ജീവിതത്തിൽ പരാജയമടയുന്നുവെന്നാണോ? എന്തായാലും കർമകാണ്ഡവേദഭാഗങ്ങളിലും കേവല ഭൗതികചിന്ത കളിലും മുഴുകിക്കഴിയുന്നവർക്കു മനസ്സിനേകാഗ്രതയോ കാര്യമായ സുഖമോ ഒരിക്കലും കിട്ടുന്നില്ലെന്നാണു ഭഗവാൻ അടുത്ത മൂന്നു പദ്യങ്ങൾകൊണ്ടു വെളിപ്പെടുത്തുന്നത്:
No comments:
Post a Comment